25
Apr 2024
Wed
25 Apr 2024 Wed
sdpi welfare party pdp support

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ ചെറു പാര്‍ട്ടികളുടെ വോട്ടുകള്‍ നിര്‍ണായകമാവുമെന്ന് വിവിധ സര്‍വേകള്‍. കഴിഞ്ഞ തവണ ഒറ്റ സീറ്റില്‍ ഒതുങ്ങിയ എല്‍ഡിഎഫ് ഇക്കുറി 5 മുതല്‍ 10 സീറ്റ് വരെ നേടുമെന്നാണ് മിക്ക അഭിപ്രായ വോട്ടെടുപ്പുകളും പ്രവചിക്കുന്നത്. ഇതില്‍ പല സീറ്റുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 5000 മുതല്‍ 10,000 വോട്ടുകള്‍ മറിഞ്ഞാല്‍ ഫലം മാറി മറിയുമെന്നതാണ് സ്ഥിതി.  ( Small parties support are critical in kerala; Welfare party, PDP suppport without controversy  )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ സാചര്യത്തിലാണ് എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങിയ, മുന്നണികള്‍ക്കു പുറത്തു നില്‍ക്കുന്ന പാര്‍ട്ടികളുടെ വോട്ടുകള്‍ നിര്‍ണായകമാവുന്നത്. അതുകൊണ്ട് തന്നെ ഈ പാര്‍ട്ടികളുടെ വോട്ടുകള്‍ സ്വന്തം പക്ഷത്ത് ഉറപ്പിച്ച് നിര്‍ത്താന്‍ എല്ലാ പാര്‍ട്ടികളും പിന്‍വാതില്‍ ശ്രമങ്ങള്‍ നേരത്തേ തുടങ്ങിയിരുന്നു. ഒ്പ്പം പിന്തുണ വിവാദമാക്കി ആശയക്കുഴപ്പം സൃഷ്ടിക്കാനും മുന്നണികള്‍ ശ്രമിക്കുന്നു.

ഇത്തവണ എസ്ഡിപിഐയാണ് തിരഞ്ഞെടുപ്പ് നയം സംബന്ധിച്ച് ആദ്യം പ്രഖ്യാപനം നടത്തിയത്. പിന്നാലെ പിഡിപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും നിലപാടറിയിച്ചു. എസ്ഡിപിഐയും വെല്‍ഫെയറും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പിഡിപി പതിവ് പോലെ ഇതടിനൊപ്പം നിന്നു. എന്നാല്‍, എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചപ്പോഴുണ്ടായ വിവാദ കൊടുങ്കാറ്റോ മാധ്യമ ചര്‍ച്ചകളോ വെല്‍ഫെയറിന്റെയും പിഡിപിയുടെയും കാര്യത്തിലുണ്ടായില്ല.

എസ്ഡിപിഐ പിന്തുണ വിവാദം കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല. ദേശീയ തലത്തില്‍ ബിജെപി നേതാവ് അമിത് ഷായും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമുള്‍പ്പെടെ വിഷയം ചര്‍ച്ചയാക്കി. ഗത്യന്തരമില്ലാതെ യുഡിഎഫിന് എസ്ഡിപിഐയെ തള്ളിപ്പറയേണ്ടിയും വന്നു. എസ്ഡിപിഐയുടെ വോട്ട് വേണ്ട എന്ന് യുഡിഎഫ് നേതാക്കളെ കൊണ്ട് പറയിപ്പിക്കുന്നതില്‍ സിപിഎമ്മും ബിജെപിയും ഒരുക്കിയ തന്ത്രം വിജയിച്ചു എന്ന് വിലയിരുത്തുന്നവരുണ്ട്. ഈ സാഹചര്യത്തില്‍ നിലപാട് പുനപ്പരിശോധിക്കണോ എന്ന കാര്യത്തില്‍ എസ്ഡിപിഐ ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, പിഡിപിയുടെ പിന്തുണ സംബന്ധിച്ച ചോദ്യത്തിന്, എസ്ഡിപിഐ പോലെ അല്ല പിഡിപി എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിഡിപി കാലങ്ങളായി പിന്തുണ പ്രഖ്യാപിച്ചു വരുന്ന പാര്‍ട്ടിയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അബ്ദുല്‍ നാസര്‍ മഅദനിയെ തമിഴ്‌നാട് പോലീസിന് പിടിച്ചുകൊടുത്തത് വലിയ നേട്ടമായി പ്രകടന പത്രികയില്‍ പോലും അവതരിപ്പിച്ച ഇടതുമുന്നണിയുടെ ഈ നിലപാട് മാറ്റം ശ്രദ്ധേയമാണ്. പിന്തുണ വലിയ വിവാദമാക്കാന്‍ യുഡിഎഫും മുതിര്‍ന്നില്ല.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപനം വന്നത് തിങ്കളാഴ്ച്ചയാണ്. സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് പാര്‍ട്ടിയുടെ നയപ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പിലൂടെ സംഘപരിവാരത്തെ താഴെയിറക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപനം പ്രതീക്ഷിച്ചത് പോലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കാര്യമായ ചലനമുണ്ടാക്കിയില്ല. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ആകെക്കൂടി പ്രതികരിച്ചത്. തീവ്ര നിലപാടുള്ള വര്‍ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ ഘടകമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെന്നും അത്തരത്തിലുള്ള പാര്‍ട്ടിയുടെ പിന്തുണയാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നുമായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.