സൻആ: കൊലപാതക കേസിൽ യമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിൽ എത്തി. ഇന്നലെ രാത്രി ഏദനിലെ വിമാനത്താവളത്തിൽ എത്തിയ പ്രേമകുമാരി റോഡ് മാർഗം തലസ്ഥാനമായ സൻആയിലേക്ക് പോകും. നിമിഷപ്രിയയെ ജയിലെത്തി കണ്ടതിന് ശേഷം യെമനിലെ ഗോത്രതലവന്മാരെ അടക്കം പ്രേമകുമാരി കാണും. കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തെയും പ്രേമകുമാരി കാണും. മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പ്രേമകുമാരിക്ക് ഒപ്പം ഉണ്ട്.
|
കൊല്ലപ്പെട്ട യമന്‍ പൗരൻ തലാൽ മഹ്ദിയുടെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ പ്രേമകുമാരി. യമനിലെ നിയമം അനുസരിച്ച് ഇരകളുടെ കുടുംബത്തിന് ബ്ലഡ് മണി വാങ്ങി പ്രതിക്ക് മാപ്പ് നൽകാൻ കഴിയും. സഊദി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം ഇത്തരത്തിൽ അണ് സാധ്യമാകുന്നത്. എന്നാല്‍ നിഷയുടെ കേസിൽ തലാലിൻ്റെ കുടുംബം ഇതുവരെ ബ്ലഡ് മണി ചോദിച്ചിട്ടില്ല. അതിനാൽ ചർച്ചയിലൂടെ ബ്ലഡ് മണി കൊടുത്ത് നിമിഷയെ മോചിപ്പിക്കുകയും ഇക്കാര്യം അവരോട് ആവശ്യപ്പെടുകയും ആണ് യാത്രയുടെ ലക്ഷ്യം.
2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്.
ശനിയാഴ്ച പുലർച്ചെയാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട പ്രേമകുമാരിയും സാമുവൽ ജെറോമും മുംബൈ വഴി യെമനിലേക്ക് പുറപ്പെട്ടത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു.


