18
Apr 2024
Thu
18 Apr 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സന്‍ആ: കൊലപാതകക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച് അമ്മ പ്രേമകുമാരി. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകളെ കാണാന്‍ പ്രേമകുമാരിക്ക് കഴിഞ്ഞത്. മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്നും പ്രേമകുമാരി. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു. മകളെ കാണാന്‍ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയില്‍ അധികൃതര്‍ക്ക് പ്രേമകുമാരി നന്ദിയും അറിയിച്ചു.

എന്നെ തിരിച്ചറിഞ്ഞതോടെ മകള്‍ ഓടി വന്ന് കെട്ടിപ്പിടിച്ചു. മോളേ.. എന്ന് വിളിച്ച് ഞാന്‍ അങ്ങ് പൊട്ടിക്കരഞ്ഞുപോയി. അവളും മമ്മി കരയരുത് എന്ന് പറഞ്ഞ് കരഞ്ഞു. അവളുടെ വിവാഹത്തിന് ശേഷം ഞാന്‍ ഇന്നാണ് കാണുന്നത്. യമന്‍ രാജ്യത്തിന്റെ കരുണ കൊണ്ടും ദൈവകൃപകൊണ്ടും അവള്‍ സുഖമായിരിക്കുന്നു’, പ്രേമകുമാരി പറഞ്ഞു. മകളെ ഇനി കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പ്രേമകുമാരി വീഡിയോ സന്ദേശത്തില്‍ പറയുന്നു. യമെന്‍ പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയോടെയായിരുന്നു ഇരുവരുടേയും വികാരനിര്‍ഭരമായ കൂടിക്കാഴ്ച.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകളെ 12 വര്‍ഷത്തിനുശേഷമാണ് പ്രേമകുമാരി കാണുന്നത്. ഉച്ചഭക്ഷണവും ഒരുമിച്ചുകഴിച്ചു. വൈകീട്ടുവരെ ഇരുവരും ഒരുമിച്ച് ജയിലിലെ പ്രത്യേക മുറിയില്‍ ചെലവഴിച്ചിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും തമിഴ്‌നാട് സ്വദേശിയുമായ സാമുവല്‍ ജെറോമിനുമൊപ്പമാണ് നിമിഷപ്രിയയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്. ശനിയാഴ്ചയാണ് പ്രേമകുമാരി കൊച്ചിയില്‍നിന്ന് ഏദനിലേക്ക് വിമാനം കയറിയത്. ഇവിടെ നിന്ന് റോഡുമാര്‍ഗം 12 മണിക്കൂര്‍ സഞ്ചരിച്ച് തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ സന്‍ആയിലെത്തി. നിമിഷപ്രിയയെ കാണാനുള്ള അനുമതിക്കായി അപേക്ഷ നല്‍കി. ഈ സമയം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു. ഇവര്‍ക്കൊപ്പമാണ് ജയിലിലെത്തിയത്. നിമിഷയെ കാണാന്‍ അമ്മയ്ക്ക് മാത്രമാണ് അനുവാദം നല്‍കിയത്. ജയിലില്‍ ഫോണ്‍ അനുവദിച്ചിരുന്നില്ല.

പ്രത്യേക മുറിയിലാണ് അമ്മയ്ക്ക് നിമിഷപ്രിയ കാണാന്‍ ജയില്‍ അധികൃതര്‍ സൗകര്യം ഒരുക്കിയത്. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്ക് ജയില്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു.

ഇനി മോചനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കാനാണ് ശ്രമം. ഉടന്‍ തന്നെ കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബവുമായും ഗോത്രവര്‍ഗ നേതാക്കളും കൂടിക്കാഴ്ച്ച നടത്തും. നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും.

2012ലാണ് പ്രേമകുമാരിയും നിമിഷപ്രിയയും അവസാനമായി കണ്ടത്. അതിനുശേഷം നിമിഷപ്രിയ നാട്ടില്‍ വന്നെങ്കിലും ഇരുവര്‍ക്കും തമ്മില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.