വാഷിങ്ടണ്‍: മണിപ്പൂരില്‍ അവഗണിക്കാന്‍ കഴിയാത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് കഴിഞ്ഞ വര്‍ഷത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. എതിര്‍ക്കുന്നവരെയും ന്യൂനപക്ഷങ്ങളെയും മാധ്യമങ്ങളെയും അമര്‍ച്ച ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ( US State dept blasts Indian violations )
|
മണിപ്പൂരില്‍ ഭൂരിപക്ഷമുള്ള ക്ഷത്രിയ മേയ് തെയ് ജാതിയും കുക്കി-സോ ഗോത്രവര്‍ഗവും തമ്മില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഏറ്റുമുട്ടലില്‍ ഒട്ടനവധി പേര് കൊല്ലപ്പെട്ടു. ഔദ്യോഗിക ഗോത്രവര്‍ഗ പദവി ആവശ്യപ്പെട്ടു മേയ് തെയ് വിഭാഗം സമരം ആരംഭിച്ചതാണ് കുക്കികള്‍ക്കു പ്രകോപനമായത്. സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും മേല്‍ ആധിപത്യമുറപ്പിക്കാനുളള നീക്കമാണ് മേയ് തെയ് നടത്തുന്നതെന്നു ന്യൂനപക്ഷ ആനുകൂല്യങ്ങളുള്ള കുക്കികള്‍ ആരോപിച്ചു.
മണിപ്പൂരില്‍ കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ നവംബര്‍ വരെ 60,000 പേര് വീടും കുടിയും ഉപേക്ഷിച്ചു പലായനം ചെയ്തെന്നു സ്റേറ് ഡിപ്പാര്‍ട്മെന്റ് വിലയിരുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ഗവണ്മെന്റിനെ വിമര്‍ശിക്കുന്ന മാധ്യമ സഥാപനങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയും അവരെ പീഡിപ്പിക്കയും ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് പറയുന്നു. ഉദാഹരണത്തിനു പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററി പുറത്തു വിട്ടതിനു 2023ല്‍ ആദായനികുതി വകുപ്പ് ബിബിസിയുടെ ഓഫിസുകളില്‍ റെയ്ഡ് നടത്തി.
റിപ്പോര്‍ട്ടേഴ്സ് വിതൗട് ബോര്‍ഡേഴ്സ് 2023ലെ മാധ്യമ സ്വാതന്ത്ര്യ ഇന്‍ഡക്സില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യയ്ക്കു നല്‍കിയത് 161 ആം സ്ഥാനമാണ്. ഇന്ത്യ ഇത്രയും താഴ്ന്ന നിലയില്‍ എത്തിയത് ഇതാദ്യം.
ന്യൂനപക്ഷങ്ങള്‍ക്കു നേരെ രാജ്യത്തു അക്രമത്തിനു പരസ്യമായ ആഹ്വാനം നടക്കുന്നുണ്ടെന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ്റ് പറയുന്നു. വിവേചനം നഗ്നമാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുമുണ്ട്.
മൂന്നാം തവണ പ്രധാനമന്ത്രിയാവാന്‍ ഒരുങ്ങുന്ന മോദി ന്യൂനപക്ഷങ്ങള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ നിഷേധിക്കുന്നു. എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയുള്ള നയങ്ങളാണ് താന്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം മുസ്ലിങ്ങള്‍ക്കെതിരെ പരസ്യമായി ആഞ്ഞടിച്ചിരുന്നു.
മോദി വന്ന ശേഷം കാര്യങ്ങള്‍ വഷളായെന്നു മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ വ്യാപകമായി. മുസ്ലിം ഭൂരിപക്ഷ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു. വന്‍ തോതില്‍ മുസ്ലിങ്ങളെ പുറത്താക്കുന്ന പൗരാവകാശ നിയമം കൊണ്ടുവന്നു. അത് അടിസ്ഥാനപാരമായി വിവേചനം നിറഞ്ഞതാണെന്നു യുഎന്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേ സമയം, യുഎസ് റിപോര്‍ട്ട് വളര പക്ഷപാതപരമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയെക്കുറിച്ച് കാര്യമായൊന്നും മനസ്സിലാക്കാതെ ഈ റിപോര്‍ട്ടിന് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാല്‍ പറഞ്ഞു.


