25
May 2024
Fri
25 May 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയ (23) യെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിഷ്ണുപ്രിയയെ പ്രതി ശ്യാംജിത്ത് വീട്ടില്‍ അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.

മനസാക്ഷിയെ നടുക്കിയ വിഷ്ണുപ്രിയ കൊലക്കേസില്‍ അതിവേഗം വാദം പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറയുന്നത്. 2022 ഒക്ടോബര്‍ 22നാണ് കേസിന് ആസ്പദമായ സംഭവം. പാനൂര്‍ വള്ള്യായിലെ വിഷ്ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ച് കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശ്യാംജിത്താണ് പ്രതി. മറ്റാരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നു. പൊന്നാനിയിലുള്ള സുഹൃത്തിനെ വാട്‌സാപ്പില്‍ വീഡിയോ കോള്‍ ചെയ്യുന്നതിനിടയിലാണ് ശ്യാംജിത്ത് വീട്ടിലെത്തിയത്. ശ്യാമേട്ടന്‍ വന്നിട്ടുണ്ടെന്നും തന്നെ എന്തെങ്കിലും ചെയ്യുമെന്നും യുവതി സുഹൃത്തിനോട് പറഞ്ഞിരുന്നു. ഉടന്‍ ഫോണ്‍ കട്ടാവുകയുമായിരുന്നു. ബാഗില്‍ മാരക ആയുധങ്ങളുമായിട്ടാണ് ശ്യാംജിത്ത് എത്തിയത്. കിടപ്പുമുറിയില്‍ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് ശ്യാംജിത്ത് യുവതിയെ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് ഇയാള്‍ രക്ഷപ്പെട്ടു. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി. കൃത്യം നടത്തുന്നതിന്റെ രണ്ടുദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയില്‍നിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 29 മുറിവുകളുണ്ടായിരുന്നു. അതില്‍ 10 മുറിവുകള്‍ മരണശേഷമുള്ളതാണ്. തന്നോടുള്ള പ്രണയം അവസാനിപ്പിച്ചതോടെയാണ് കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സീരിയല്‍ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമ ‘അഞ്ചാംപാതിര’യാണ് പ്രചോദനമായതെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു.

സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളാണ് നിര്‍ണ്ണായകമാവുക. 2023 സെപ്തംബര്‍ 21 നാണ് വിചാരണ ആരംഭിച്ചത്. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ വിചാരണ വേഗത്തിലായി. 73 സാക്ഷികളെ വിസ്തരിച്ചു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്കുമാറാണ് ഹാജരായത്.

‘അഞ്ചാം പാതിര’ പ്രചോദനമായി; നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലക്കേസില്‍ വിധി ഇന്ന്

vishnupriya murder case court finds accused shyamjit guilty