25
May 2024
Mon
25 May 2024 Mon
RMP leader Hariharan speech

കോഴിക്കോട്: സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയെന്ന വിവാദത്തിനിടെ ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം. ഞായറാഴ്ച്ച രാത്രി എട്ടോടെ സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. സ്ഫോടകവസ്തു, വീടിന്റെ ചുറ്റുമതിലില്‍ തട്ടി പൊട്ടിയതിനാല്‍ വലിയ അപകടം ഒഴിവായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറിഞ്ഞത് ബോംബാണെന്ന് ഹരിഹരനും യുഡിഎഫും പറയുമ്പോള്‍, വിഷുവിന് വാങ്ങിയ പടക്കമാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്. സിപിഎമ്മാണ് ബോംബെറിഞ്ഞതെന്നും ഹരിഹരന്‍ ആരോപിക്കുന്നു.

വിവാദ പ്രസംഗത്തില്‍ കേസ്
വടകരയിലെ വിവാദ പ്രസംഗത്തില്‍ ആര്‍.എം.പി.ഐ കേന്ദ്ര കമ്മിറ്റിയംഗം കെ.എസ്. ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ബോധപൂര്‍വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചതിനും ശിക്ഷാ നിയമം 153, 506 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം വടകരയില്‍ നടന്ന യു.ഡി.എഫ്. പരിപാടിക്കിടെ ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പ്രസ്താവനയില്‍ ഹരിഹരന്‍ മാപ്പു പറഞ്ഞെങ്കിലും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

വടകരയിലെ വിവാദ വ്യാജ വീഡിയോ വിഷയത്തില്‍ കെ.കെ. ശൈലജ, മഞ്ജുവാര്യര്‍ എന്നിവരുടെ പേരെടുത്തുപറഞ്ഞ് നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിലായത്. ശനിയാഴ്ച വൈകീട്ട് വടകരയില്‍ യു.ഡി.എഫ് പരിപാടിയിലാണ് ഹരിഹരന്‍ കെ.കെ. ശൈലജക്കും മഞ്ജുവാര്യര്‍ക്കുമെതിരെ വിവാദ പ്രസംഗം നടത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ല സെക്രട്ടറി കെ. പുഷ്പജ വടകര എസ്.എച്ച്.ഒക്ക് നല്‍കിയ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം പ്രസംഗിച്ച് സ്ഥലത്ത് ചേരിതിരിവുണ്ടാക്കി ലഹളയുണ്ടാക്കാന്‍ ശ്രമം നടത്തിയതിനാണ് ഞായറാഴ്ച രാത്രി 11ന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തത്.