ബാബ രാംദേവും കൂട്ടാളികളും തങ്ങളുടെ നിക്ഷേപവും സമ്പാദ്യവും സൂക്ഷിക്കാനുള്ള താവളമാക്കി നികുതിരഹിത ജീവകാരുണ്യ സംഘടനയെ ഉപയോഗിക്കുന്നു. ‘റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്’ നടത്തിയ അന്വേഷണ റിപോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. (How Baba Ramdev and associates used a tax-free charity to park Patanjali investments and funds)
|
സാധാരണ ജനങ്ങള്‍ക്കിടയില്‍ യോഗയും ആയുര്‍വേദവും പ്രോത്സാഹിപ്പിക്കാന്‍ എ്‌ന പേരിലാണ് പതഞ്ജലിയുമായി ബന്ധമുള്ള കുറച്ചാളുകള്‍ ചേര്‍ന്ന് യോഗക്ഷേമം സന്‍സ്ഥാന്‍ എന്ന ഒരു ജീവകാരുണ്യ പ്രവര്‍ത്തന സ്ഥാപനം 2016ല്‍ സ്ഥാപിച്ചത്. ”ലാഭേച്ഛയില്ലാത്ത” എന്‍.ജി.ഒ എന്നാണ് യോഗക്ഷേമം സ്വയം വിശേഷിപ്പിച്ചത്. അത് കൊണ്ട് തന്നെ നികുതിരഹിത പദവി നേടിയെടുക്കാനും പറ്റി.
എന്നാല്‍, ആറുവര്‍ഷമായിട്ട് ഈ സ്ഥാപനം ഒരു രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം പോലും നടത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ കണ്ടെത്തല്‍. മറിച്ച് രാംദേവിന്റെ അടുത്ത കൂട്ടാളികള്‍ രുചി സോയ എന്ന കമ്പനിയില്‍ നിന്നുള്‍പ്പെടെ സ്വരൂപിച്ച പണവും നിക്ഷേപങ്ങളും സൂക്ഷിച്ചുവയ്ക്കാനുള്ള താവളമാക്കി ഈ സ്ഥാപനത്തെ ഉപയോഗിക്കുന്നതായാണ് കമ്പനി റെക്കോഡുകള്‍ വെളിപ്പെടുത്തുന്നത്.
നികുതി വെട്ടിച്ച് ലാഭം കൊയ്യാനായി ചാരിറ്റബിള്‍ സ്ഥാപനങ്ങളെ ഉപയോഗിക്കുന്നതില്‍ നിന്നും തടയാനായി നികുതി നിയമത്തില്‍ പ്രത്യേക വ്യവസ്ഥകളുണ്ട്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്കെതിരേ ഇത്തരത്തില്‍ നേരത്തേ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, രാംദേവിന്റെ ചാരിറ്റബിള്‍ സ്ഥാപനമാവട്ടെ, യാതൊരു ജീവകാരുണ്യ പ്രവര്‍ത്തനവും നടത്താതെ വന്‍ നിക്ഷേപങ്ങള്‍ സ്വരൂപിച്ചിട്ടുകൂട്ടിയിട്ടും അന്വേഷണപരിധിക്ക് വെളിയിലാണ്!
യോഗക്ഷേമം സന്‍സ്ഥാനില്‍ പ്രധാനനിക്ഷേപം നടത്തിയിട്ടുള്ളത് പതഞ്ജലി ബിസിനസ്സ് ഗ്രൂപ്പിന്റെ താക്കോല്‍ സ്ഥാനക്കാരനും രാംദേവിന്റെ വലംകൈയ്യുമായ ആചാര്യ ബാലകൃഷ്ണയാണ്.
”ജനങ്ങളെ സേവിക്കാന്‍ നമുക്ക് സമ്പാദ്യം ആവശ്യമാണ്”, 2016 ല്‍ ഒരു മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ബാലകൃഷ്ണ പറഞ്ഞു. അതേ വര്‍ഷം പതഞ്ജലി ഗ്രൂപ്പുമായി ബന്ധപ്പെട്ട നാലുപേര്‍ ആചാര്യ പ്രദ്യുമ്‌ന, ഫൂല്‍ ചന്ദ്ര, സുമന്‍ ദേവി, സവിത ആര്യ എന്നിവരാണ് യോഗക്ഷേം സന്‍സ്ഥാന്‍ കെട്ടിപ്പടുത്തത്. ”ലാഭേച്ഛയില്ലാത്ത” ആ സ്ഥാപനത്തിന് പ്രാഥമിക നിക്ഷേപം നാലു രക്ഷം രൂപയുണ്ടായിരുന്നു.

ഫൂല്‍ ചന്ദ്ര ഇപ്പോള്‍ സ്വാമി പരമാര്‍ത്ഥദേവ് എന്നാണ് അറിയപ്പെടുന്നത്. പ്രത്യക്ഷത്തില്‍ അദ്ദേഹം മറ്റൊരു ആത്മീയനേതാവാണെങ്കിലും, വര്‍ഷങ്ങള്‍ കൊണ്ട് പ്ലസന്റ് വിഹാര്‍ പ്രൈവറ്റ് കമ്പനി, പതഞ്ജലി നാചുറല്‍ ബിസ്‌കറ്റ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി ഒരു ഡസനിലധികം ലാഭമുള്ള കമ്പനികളുടെ ഡയറക്ടറായി അദ്ദേഹം മാറി.
സുമന്‍ ദേവി ഇപ്പോള്‍ സാധ്വി ദേവ്പ്രിയ ആണ്. പുതിയ പേരിന്റെ കീഴില്‍ അവര്‍ രാംദേവ് സാമ്രാജ്യത്തിലെ വേദിക് ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ ഡയറക്ടറാണ്.
യോഗ കേന്ദ്രങ്ങള്‍, നൈപുണ്യവികസന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അധസ്ഥിതരായവര്‍ക്കുവേണ്ടി ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, എന്നിവയാണ് യോഗക്ഷേം സന്‍സ്ഥാന്റെ പ്രാഥമിക ഉദ്ദേശലക്ഷ്യങ്ങളായി രൂപീകരണരേഖകളില്‍ കാണുന്നത്. ”കുട്ടികളുടെയും യുവാക്കളുടെയും പ്രതിഭയെ വളര്‍ത്തിയെടുക്കുകയും അതുവഴി അവരെ നല്ല പൗരന്മാരും നേതൃപാടവമുള്ളവരുമാക്കി തീര്‍ക്കുക”യും ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. സമാനലക്ഷ്യങ്ങളുള്ള മറ്റ് സ്ഥാപനങ്ങള്‍ക്ക് സഹായവും സംഭാവനയും നല്‍കുന്നതും കമ്പനിയുടെ ലക്ഷ്യങ്ങളില്‍ പെടുന്നത്. ഇതൊന്നും ചെയ്യുന്നില്ലെങ്കിലും സ്ഥാനപത്തിന് നികുതി ഇളവ് ലഭിക്കുന്നു.


