24
Jun 2026
Tue
24 Jun 2026 Tue
Erling Haaland

ന്യൂജേഴ്സി: സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോള്‍ നേടിയതോടെ ഫിഫ ലോകകപ്പില്‍ സെനഗലിനെ തകര്‍ത്ത് നോര്‍വേ. ഗ്രൂപ്പ് ഘട്ടത്തിലെ ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് (3-2) നോര്‍വേ ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ഒരു മത്സരം ബാക്കിനില്‍ക്കെ തന്നെ നോര്‍വേ ലോകകപ്പിന്റെ അടുത്ത റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂജേഴ്സിയില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ പകരക്കാരനായി ഇറങ്ങിയ മാര്‍ക്കസ് ഹോംഗ്രെന്‍ പെഡേഴ്‌സനാണ് നോര്‍വേയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ ഹാലണ്ട് ടീമിന്റെ രണ്ടാം ഗോളും നേടി. തുടര്‍ന്ന് ഇസ്‌മൈല സാറിലൂടെ ഒരു ഗോള്‍ മടക്കി സെനഗല്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും, സെനഗല്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഹാലണ്ട് വീണ്ടും ലക്ഷ്യം കണ്ടതോടെ നോര്‍വേ ലീഡ് 3-1 ആയി ഉയര്‍ത്തി.

മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഇസ്‌മൈല സാര്‍ സെനഗലിനായി വീണ്ടും ഒരു ഗോള്‍ കൂടി നേടിയെങ്കിലും നോര്‍വേയുടെ വിജയമുറപ്പിക്കുന്നതില്‍ അത് തടസ്സമായില്ല. ഈ ലോകകപ്പില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കറായ ഹാലണ്ട് ഇതുവരെ അടിച്ചുകൂട്ടിയിട്ടുള്ളത്. ഇതേ ദിവസം തന്നെ ഓസ്ട്രിയയ്ക്കെതിരെ ഇരട്ട ഗോള്‍ നേടി 18 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി മാറിയ ലയണല്‍ മെസ്സിക്ക് തൊട്ടുപിന്നിലാണ് നിലവില്‍ ഗോള്‍വേട്ടയില്‍ ഹാലണ്ടിന്റെ സ്ഥാനം. മെസ്സി ഇതിനകം രണ്ട് മല്‍സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ നേടി. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കും നാല് ഗോളുകളുണ്ട്.

FIFA World Cup: Haaland Shines Again As Norway Beat Senegal 3-2