25
May 2024
Tue
25 May 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കേരളത്തിലെ UDFല്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് ലഭിക്കുന്നതോടെ ഇതില്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുക ഇന്ത്യാ സഖ്യത്തിന് ഭരണംകിട്ടിയാല്‍ മാത്രം. ഇന്ത്യാ സഖ്യം ഭരണത്തിലേറുകയാണെങ്കില്‍ ലീഗിന് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കുഞ്ഞാലിക്കുട്ടി അതിനായി ഒരുങ്ങുന്നത്.

ഇന്‍ന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ കുഞ്ഞാലിക്കുട്ടിയെ രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലെത്താമെന്നാണ് ലീഗിന്റെ കണക്ക് കൂട്ടല്‍. രാജ്യസഭ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.

സീറ്റ് സംബന്ധിച്ച തീരുമാനം ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലത്തിന്റെകൂടി അടിസ്ഥാനത്തിലാകുമെന്നാണ് കുഞ്ഞാലിക്കുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 4 ന് തിരഞ്ഞെടുപ്പ് ഫലം ഇന്ത്യമുന്നണിയ്ക്ക് അനുകൂലമാണെങ്കില്‍ നിലവിലെ ചര്‍ച്ചകള്‍ മാറും. കേന്ദ്രമന്ത്രിസഭയില്‍ ഇടം ഉറപ്പിയ്ക്കാനായാല്‍ രാജ്യസഭയിലേക്ക് കുഞ്ഞാലിക്കുട്ടിയെ പരിഗണിക്കണമെന്നാണ് ലീഗില്‍ ഉയര്‍ന്നുവരുന്ന ചര്‍ച്ച. പൊന്നാനിയിലും മലപ്പുറത്തും ജയിച്ചാല്‍ കേന്ദ്രമന്ത്രിസഭയിലേക്ക് മൂന്നാമതൊരാളെ പരിഗണിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

അതേസമയം നിയമസഭാംഗമായ കുഞ്ഞാലിക്കുട്ടി രാജിവച്ച് വീണ്ടും മത്സരിക്കുന്നതിനെതിരെയും വിമര്‍ശനമുണ്ട്. നേരത്തെ ഇ. അഹമ്മദിന്റെ ഒഴിവിലേക്ക് എം.എല്‍.എ സ്ഥാനം രാജിവച്ച് ലോക്‌സഭയിലേക്ക് മത്സരിച്ച കുഞ്ഞാലിക്കുട്ടി പിന്നീട് എം.പി സ്ഥാനം രാജിവച്ച് വീണ്ടും നിയസഭയിലേക്ക് മത്സരിച്ചിരുന്നു. ഇത്തരത്തില്‍ അനാവശ്യമായി ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിമര്‍ശനമാണ് ഉയരുന്നത്.

കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നില്ലെങ്കില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. എങ്കിലും കുഞ്ഞാലിക്കുട്ടി മത്സരിക്കുമോ എന്നതിന് അനുസരിച്ചായിരിക്കും മറ്റുള്ളവരുടെ സാധ്യതകള്‍. എന്നാല്‍ മുതിര്‍ന്ന നേതാവ് ഇ.ടി മുഹമദ് ബഷീറിനെ അവഗണിച്ച് കുഞ്ഞാലിക്കുട്ടിയെ കേന്ദ്രത്തിലേക്ക് അയക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസം ശക്തമാണ്. അപ്പോഴും സലാമിനും ഫൈസലിനുമാണ് സാധ്യത കൂടുതല്‍.