16
Jun 2024
Sat
16 Jun 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 1520 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,560 രൂപ. ഗ്രാമിന് 190 രൂപ താഴ്ന്ന് 6570 ആയി. ഇന്നലെ പവന്‍ വില 240 രൂപ വര്‍ധിച്ച് വീണ്ടും 54000 കടന്നിരുന്നു. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് തിരിച്ചുകയറി 53,000ന് മുകളില്‍ എത്തിയത്. ദിവസങ്ങള്‍ക്കകം 54000വും കടന്ന് കുതിക്കുന്നതിനിടയിലാണ് ഇന്നലെ കുത്തനെയുള്ള ഇടിവ്.

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

55,000 തൊട്ട സ്വര്‍ണവില കുറഞ്ഞത് ആഭരണം വാങ്ങാനായി കാത്തിരുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ ഈ മാസം തുടക്കത്തിലുണ്ടായിരുന്ന ആശ്വാസം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഉയര്‍ന്നത് വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍’ (AKGSMA) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് കേരളത്തില്‍ സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില തീരുമാനിക്കുന്നത്.