25
Jun 2024
Wed
25 Jun 2024 Wed
riyas moulavi murder case culprit threat in instagram

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ മുഴുവന്‍ പള്ളികളും ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ റിയാസ് മൗലവി വധക്കേസ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ( Social media threat to Masjid: Riyas Moulavi murder case culprit Appu in custody ) കേസിലെ ഒന്നാം പ്രതിയും ഈയിടെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പുവിനൈയാണ് ടൗണ്‍ പോലിസ് കസ്റ്റിഡിയിലെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപ്പുവിന്റെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ കസ്റ്റിഡിയിലെടുത്ത് പോലീസ് പരിശോധന നടത്തി. എന്നാല്‍, വിദ്വേഷ പ്രചാരണം നടത്തിയ ഇന്‍സറ്റഗ്രാം ഐഡി കണ്ടെത്താനായില്ലെന്നാണ് പോലീസ് അവകാശപ്പെടുന്നത്. മറ്റാരെങ്കിലുമാകാം ഇന്‍സ്റ്റ ഐഡി ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് പോലീസ്്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അപ്പുവിന്റെ പേരിലുള്ള ഇന്‍സറ്റഗ്രാം ഐഡിയില്‍ നിന്ന് ഒരു ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ ഓണ്‍ലൈന്‍ വാര്‍ത്തയുടെ അടിയില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടെ കമന്റ് വന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

മതവിദ്വേഷം പ്രോല്‍സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ മതസൗഹാര്‍ദ്ദത്തിന് കോട്ടംവരത്തക്ക വിധത്തില്‍ പോസ്റ്റ് ചെയ്തെന്നു കാണിച്ച് ഐപിസി 153(എ) പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഘപരിവാര പ്രവര്‍ത്തകരുടെ മിന്നല്‍ കേസരി ഫ്രണ്ട്‌സ് എന്ന ഇന്‍സ്റ്റഗ്രാമില്‍ റിയാസ് മൗലവി വധക്കേസ് വിധിയുടെ ചാനല്‍ വാര്‍ത്തയുടെ വീഡിയോയ്ക്കു താഴെ കമന്റായാണ് ഭീഷണി മുഴക്കിയത്.

‘ഇതൊരു സാംപിളാണേ. വലുത് വരാന്‍ പോവുന്നതേയുള്ളൂ. ഉദാഹരണം പറഞ്ഞു തരാം. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ പള്ളികളും തകര്‍ക്കും’ എന്നാണ് ഒരു കമന്റ്. പിറ്റേ ദിവസവും സമാനമായ ഭീഷണി മുഴക്കുന്നുണ്ട്. കാസര്‍കോഡ് ജില്ലയില്‍ ഒരു പള്ളി പോലും ഉണ്ടാവില്ല. ഒരു വെള്ളിയാഴ്ച ബോംബിട്ട് തകര്‍ക്കും. അതിനായി വരുന്നു എന്നാണ് ഭീഷണിയിലുള്ളത്. ഈ അക്കൗണ്ടിലൂടെ തുടര്‍ച്ചയായി തോക്ക് ഉള്‍പ്പെടെയുള്ള ആയുധപ്രദര്‍ശനവും വിദ്വേഷ പ്രചാരണവും നടത്തുകയും ചെയ്തിരുന്നു.

ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കാസര്‍കോഡ് സബ് ഇന്‍സ്‌പെക്ടര്‍ പി പി അഖിലിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ കാസര്‍കോഡ് ജില്ലാ കമ്മിറ്റിയും മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയും പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

ചൂരിയിലെ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ പള്ളിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്ന് ആര്‍എസ്എസുകാരെയും കോടതി വെറുതെ വിട്ടത് ഏറെ വിവാദമായിരുന്നു. ഇതിലെ ഒന്നാം പ്രതിയാണ് അജേഷ് എന്ന അപ്പു.കേസ് പുനരന്വേഷണത്തിനായി നടപടികള്‍ തുടരുന്നതിനിടെയാണ് മുഖ്യപ്രതി വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന ഭീഷണിയുമായി രംഗത്തെത്തിയത്.