23
Jun 2024
Sun
23 Jun 2024 Sun

‘കുടുംബത്തോട് വീഡിയോ കോള്‍ ചെയ്യുമ്പോള്‍ അവര്‍ പറഞ്ഞത് കൊണ്ട് ചാടിയതിനാല്‍ രക്ഷപ്പെട്ടു’; കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന തോമസ് ജോസഫ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത് സിറ്റി: കുവൈത്തിലെ തീപിടുത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട കോട്ടയം സ്വദേശി തന്റെ രക്ഷപ്പെടലിനെക്കുറിച്ച് വെളിപ്പെടുത്തി. കുടുംബത്തോട് വീഡിയോ കോള്‍ ചെയ്യുമ്പോള്‍ അവര്‍ പറഞ്ഞത് കൊണ്ട് ചാടിയതിനാല്‍ രക്ഷപ്പെട്ടെന്ന് കറുകച്ചാല്‍ ശാന്തിപുരം സ്വദേശി ചക്കുങ്കല്‍ തോമസ് ജോസഫ് (ബിനു 51) പറഞ്ഞു. നാലാംനിലയില്‍നിന്നാണ് തോമസ് ജോസഫ് ചാടിയത്.

കുവൈത്തിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹം അപകട നില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. തീപ്പിടിത്തമുണ്ടായപ്പോള്‍ ഇദ്ദേഹം വീട്ടിലേക്കു ഫോണ്‍ ചെയ്തിരുന്നു. രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതായതോടെ കെട്ടിടത്തില്‍ നിന്നും ചാടുന്ന കാര്യവും ബന്ധുക്കളോട് പറഞ്ഞു. ”ദൈവത്തിന്റെ കരങ്ങളാണു രക്ഷിച്ചത്. ലൈവ് വിഡിയോ കണ്ടപ്പോഴാണു മക്കള്‍ രണ്ടു പേരും ഭാര്യ ബീനയും കെട്ടിടത്തില്‍ നിന്നു ചാടാന്‍ പറഞ്ഞത്. അതു ദൈവനിയോഗം തന്നെയാണ്”- തോമസ് ജോസഫ് പറയുന്നു. ആശുപത്രിയില്‍ കഴിയുന്ന തോമസ് ജോസഫിന്റെ പ്രവാസിയായ സഹോദരന്‍ ബെന്നി ജോസഫ് പരിചരണം നല്‍കി ഒപ്പമുണ്ട്. കുവൈത്ത് സമയം പുലര്‍ച്ചെ 4നാണ് (ഇന്ത്യന്‍ സമയം 6.30) തോമസ് ജോസഫ് വീട്ടിലേക്കു വിളിക്കുന്നത്. മകന്‍ ഷോഗന്റെ പരീക്ഷയുടെ ദിവസം പുലര്‍ച്ചെയാണ് വിളി വന്നത്. മകന്റെ പരീക്ഷ സംബന്ധിച്ച് വിളിച്ചതാണ് എന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ വിഡിയോ കോളില്‍ കെട്ടിടത്തിലെ സ്ഥിതിഗതികള്‍ വിവരിച്ച് മരണത്തിനു കീഴടങ്ങുകയാണെന്നു തോമസ് ജോസഫ് പറഞ്ഞതോടെ മക്കളായ രൂബേഷും ഷോഗനും ഭാര്യ ബീനയും കെട്ടിടത്തില്‍ നിന്ന് ചാടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പിന്നിലെ തറയില്‍ കൈ കുത്തി മുഖം അടിച്ചാണ് തോമസ് വീണത്. കൈകള്‍ രണ്ടും ഒടിഞ്ഞു. മുഖത്തിന് ചെറിയ പരുക്കുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച തോമസിനെ കഴിഞ്ഞദിവസം തന്നെ വാര്‍ഡിലേക്കു മാറ്റിയിരുന്നു.

ഒപ്പം ചാടിയ പലരും മരിച്ചെങ്കിലും തോമസ് പരുക്കുകളോടെ രക്ഷപ്പെട്ടു. വര്‍ഷങ്ങളായി കുവൈത്തിലെ എല്‍.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരനും ഉടമയുടെ ബന്ധുവുമാണ് ഇദ്ദേഹം. അപകടത്തില്‍ മരിച്ച കോന്നി സ്വദേശി സജു വര്‍ഗീസ് ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ്.

. തോമസ് ജോസഫിന്റെ കുടുംബം ഏറെക്കാലം കുവൈത്തിലായിരുന്നു. തോമസ് ജോസഫ് കമ്പനിയിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം മേധാവിയാണ്.