16
Jun 2024
Thu
16 Jun 2024 Thu
Manjummal Boys producers account

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു. ( ED to freeze accounts of Manjummal Boys producers ) സിനിമയുടെ നിര്‍മാതാക്കളുടെ അക്കൗണ്ടുകളും പറവ വിതരണ കമ്പനികളുടെ അക്കൗണ്ടുകളും ഇഡി മരവിപ്പിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ഷോണ്‍ എന്നിവരെ ചോദ്യം ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

7 കോടി രൂപ അരൂര്‍ സ്വദേശിയില്‍ നിന്നും വാങ്ങുകയും പിന്നീട് ലാഭവിഹിതം നല്‍കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് പറവ ഫിലിംസിന്റെ അക്കൗണ്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമോപദേശം തേടിയത്.

സംഭവത്തെ തുടര്‍ന്ന് മലയാള സിനിമാ മേഖലയില്‍ ശക്തമായ ഇടപെടലിന് ഒരുങ്ങുകയാണ് ഇഡി. ഇതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ പ്രദര്‍ശന വിജയം നേടിയ മുഴുവന്‍ സിനിമകളുടെയും സാമ്പത്തിക വിവരങ്ങള്‍ ഇ.ഡി ശേഖരിക്കും. സിനിമകളുടെ നിര്‍മാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണു നീക്കം.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണു കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പിഎംഎല്‍എ) ഇ.ഡിയുടെ കേസിന് അവസരം ഒരുക്കിയത്. കേരളത്തിലെ തീയറ്റര്‍ മേഖലയില്‍ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ടു സിനിമാ നിര്‍മാതാക്കള്‍ ഇ.ഡിക്കു കൈമാറിയിട്ടുണ്ട്. ഇതു സംബന്ധിച്ചു കൂടുതല്‍ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു പക്ഷേ മലയാള സിനിമാ മേഖലയെ ഗുരുതര പ്രതിസന്ധിയിലേക്ക് നയിക്കുന്ന ഇടപെടലിനാണ് ഇഡി ഒരുങ്ങുന്നത്.