16
Jun 2026
Sat
16 Jun 2026 Sat
payyannur gold theft case

കണ്ണൂര്‍: പയ്യന്നൂര്‍ എടാട്ടില്‍ സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍. അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് ആണ് പിടിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണവ്യാപാരിയെയും കുടുംബത്തേയും ആക്രമിച്ച് 55 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട് ഉപ്പളയില്‍വെച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രതിയെ പിടികൂടിയത്. ആക്രമണത്തിന് ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു. സംഘം വാടകയ്ക്കെടുത്ത മറ്റൊരു കാറും ചൊക്ലി ഭാഗത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഈ കേസ് അന്വേഷിച്ചുവരികയായിരുന്നു. സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് വിവരം.

മഹാരാഷ്ട്ര സ്വദേശികളും തലശ്ശേരിയില്‍ സ്വര്‍ണക്കട നടത്തുന്നവരുമാണ് ആക്രമിക്കപ്പെട്ട കുടുംബം. ജൂണ്‍ രണ്ടിനായിരുന്നു സംഭവം. പയ്യന്നൂര്‍ എടാട്ട് വെച്ച് മഹാരാഷ്ട്ര സ്വദേശിയുടെ കാര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇന്നോവ കാറിലെത്തിയവരാണ് ആക്രമിച്ചത്. കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് ഇറക്കിവിട്ട് രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നു. തുടര്‍ന്ന് കാര്‍ കുത്തിക്കീറി നശിപ്പിച്ച് പിലാത്തറയ്ക്ക് സമീപം ഉപേക്ഷിച്ചുവെന്നാണ് കേസ്. നാല് കാറുകളിലായാണ് അക്രമിസംഘമെത്തിയത്. കേസിലെ മറ്റ് പ്രതികളെ കണ്ടെത്താനായി പോലീസിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.