തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യാ കണക്കെടുപ്പിന് ഇന്ന് തുടക്കം. വിവരങ്ങള്‍ ഓണ്‍ലൈനായി സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യുമറേഷന്‍ സൗകര്യങ്ങളും ഇന്ന് മുതല്‍ ലഭ്യമാകും. se.census. gov.in എന്ന പോര്‍ട്ടലിലൂടെയാണ് വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ജൂണ്‍ 30 വരെയാണ് സെല്‍ഫ് എന്യുമറേഷനുള്ള സമയം.
|
സംസ്ഥാനത്താകെ 61,282 എന്യൂമറേറ്റര്‍മാരെയും 10,189 സൂപ്പര്‍വൈസര്‍മാരെയുമാണ് സെന്‍സസ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലും പൂര്‍ത്തിയാക്കിയ ശേഷം, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും രണ്ടാം ഘട്ടമായുള്ള യഥാര്‍ത്ഥ ജനസംഖ്യാ കണക്കെടുപ്പ് കേരളത്തില്‍ നടക്കുന്നത്.
സെന്‍സസ് രണ്ട് ഘട്ടങ്ങളില്‍
രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തില്‍ പ്രധാനമായും നടക്കുന്നത്. ആദ്യഘട്ടത്തില്‍ എന്യൂമറേറ്റര്‍മാര്‍ ഓരോ വീടുപട്ടിക ബ്ലോക്കിലെയും കെട്ടിടങ്ങള്‍, പ്രധാന ലാന്‍ഡ്മാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി ലേഔട്ട് മാപ്പ് തയ്യാറാക്കും. എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തുന്നതിന് മുന്‍പുതന്നെ കുടുംബനാഥനോ പ്രായപൂര്‍ത്തിയായ മറ്റേതെങ്കിലും അംഗത്തിനോ ഓണ്‍ലൈനായി വിവരങ്ങള്‍ സമര്‍പ്പിക്കാം. ഇങ്ങിനെ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വിലയിരുത്തിയ ശേഷം മാത്രമേ ഫൈനല്‍ അപ്രൂവല്‍ നല്‍കൂ. പ്രവാസി മലയാളികള്‍ക്ക് സെന്‍സസ് ബാധകമല്ലെന്ന് ചീഫ് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ മിത്ര ടി ഐഎസ് വ്യക്തമാക്കി.
ജൂലൈ ഒന്ന് മുതല്‍ മുപ്പത് വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ ഭവന സന്ദര്‍സനത്തിനായി നേരിട്ട് വീടുകളിലെത്തും. ഈ സമയം, സെല്‍ഫ് എന്യൂമറേഷന്‍ വഴി വിവരങ്ങള്‍ നല്‍കിയവര്‍ തങ്ങള്‍ക്ക് ലഭിച്ച റഫറന്‍സ് നമ്പര്‍ മാത്രം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയാല്‍ മതിയാവും.
സെല്‍ഫ് എന്യൂമറേഷന്‍ എങ്ങനെ?
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സെല്‍ഫ് എന്യൂമറേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 15 ദിവസത്തേക്കാണ് അവസരമുണ്ടാകുന്നത്. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്.
മൊബൈല്‍ ഫോണില്‍ https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ പ്രവേശിക്കുക.
മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
തുടര്‍ന്ന് വീടിന്റെ ലോക്കേഷന്‍ കൃത്യമായി അടയാളപ്പെടുത്തുക.
സംസ്ഥാനം, ജില്ല, വീടിന്റെ സ്ഥാനം എന്നിവ രേഖപ്പെടുത്തണം. തുടര്‍ന്ന് ഡിജിറ്റല്‍ മാപ്പില്‍ സ്വന്തം വീടിന്റെ സ്ഥാനം അടയാളപ്പെടുത്തി വിവരങ്ങള്‍ നല്‍കുക.
ഇതിന് ശേഷം കുടുംബാംഗങ്ങളുടെ വിവരങ്ങളും വീട്ടിലെ സൗകര്യങ്ങളും സംബന്ധിച്ച 33 ചോദ്യങ്ങളടങ്ങിയ ഡിജിറ്റല്‍ ഫോം ലഭിക്കും.
ഇത് കൃത്യമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുക.
മൊബൈല്‍ നമ്പറിലേക്ക് ഒരു റഫറന്‍സ് നമ്പര്‍ മെസേജായി ലഭിക്കും.
ഭാവി ആവശ്യങ്ങള്‍ക്കായി ഈ കോഡ് സുരക്ഷിതമായി സൂക്ഷിച്ച് വയ്‌ക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ നിന്ന് മാത്രമേ പോര്‍ട്ടലില്‍ പ്രവേശിക്കാനും വിവരങ്ങള്‍ പൂരിപ്പിക്കാനും സാധിക്കുകയുള്ളൂ. വാടകയ്ക്ക് താമസിക്കുന്നവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഫോമില്‍ പൂരിപ്പിച്ച് നല്‍കേണ്ടത്.
Kerala has officially launched its Census 2027 operations


