ന്യൂഡല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ച്ചാ വിവാദത്തെ തുടര്‍ന്ന് മാറ്റിവെച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. (UGC net exam new date announced) സിഎസ്‌ഐആര്‍ നെറ്റ് ജൂലൈ 25 മുതല്‍ 27 വരെ നടക്കും. യുജിസി നെറ്റ് ആഗസ്ത് 21 മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ്.
|
അതിനിടെ, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സിബിഐ വ്യക്തമാക്കി. ഇന്നലെ ബിഹാറില്‍ നിന്ന് രണ്ട് അധ്യാപകരെ കൂടി അറസ്റ്റ് ചെയ്തു. ബീഹാറിലെ ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.എഹ്സാന്‍ ഉല്‍ ഹഖ്, വൈസ് പ്രിന്‍സിപ്പല്‍ ഇംതിയാസ് ആലം എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. രാത്രിയോടുകൂടി അറസ്റ്റ് ചെയ്ത ഇവരെ പട്‌നയിലേക്ക് എത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒയാസിസ് സ്‌കൂള്‍ നീറ്റ് പരീക്ഷാ സെന്ററായിരുന്നു. ഇവിടേക്കുള്ള ചോദ്യ പേപ്പര്‍ ആണ് ചോര്‍ന്നതെന്ന് നേരത്തേ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇവര്‍ എന്‍ടിഎയുടെ സിറ്റി കോര്‍ഡിനേറ്റര്‍മാരാണ്. നീറ്റ് ക്രമക്കേടില്‍ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. നാഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപീകരിച്ചെങ്കിലും ഇതുവരെ അതിലൂടെ റിക്രൂട്ട്മെന്റ് നടന്നിട്ടില്ലന്നും, ബിജെപി നേതാക്കള്‍ ഈ അഴിമതിയില്‍ പങ്കാളികളാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.


