29
Jul 2024
Sun
29 Jul 2024 Sun
All India Kisan sabha mob lynching

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട, വിദ്വേഷ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നിയമം കൊണ്ടുവരണമെന്നും അതിവേഗ കോടതികളില്‍ കേസുകള്‍ തീര്‍പ്പാക്കണമെന്നും അഖിലേന്ത്യാ കിസാന്‍ സഭ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. (All India Kisan sabha protest against moby lynching) ഛത്തീസ്ഗഡില്‍ ആര്‍എസ്എസ് ബന്ധമുള്ള ‘ഗോരക്ഷാഗുണ്ടകള്‍’ കൊലപ്പെടുത്തിയ യുപിയിലെ മൂന്ന് മുസ്ലിം യുവാക്കളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചശേഷമാണ് പ്രതികരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്വേഷ ആക്രമണങ്ങളെ തള്ളിപ്പറയാന്‍ തയ്യാറാവാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് വര്‍ധിച്ചുവരുന്ന ഇത്തരം സംഭവങ്ങളുടെ ഉത്തരവാദികള്‍. സഹാറന്‍പുരിലെ ചാന്ദ് മിയാന്‍ ഖാന്‍ (23), സദ്ദാം ഖുറേഷി (22), ഷംലി ജില്ലയിലെ തെഹ്സിം ഖുറേഷി (39)എന്നിവരുടെ കുടുംബങ്ങള്‍ക്ക് യുപി, ഛത്തീസ്ഗഡ് ബിജെപി സര്‍ക്കാരുകള്‍ സഹായമെത്തിച്ചിട്ടില്ലെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടും സംഘപരിവാര ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ടും ജൂലൈ 24ന് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

മൂന്നുപേരുടെയും കുടുംബങ്ങള്‍ക്കും ഒരു കോടി രൂപ വീതം നഷ്ടപരിഹാരവും ഒരാള്‍ക്ക് സ്ഥിരം ജോലിയും നല്‍കണം. കര്‍ഷകരുടെ വരുമാനത്തില്‍ 27 ശതമാനവും ലഭിക്കുന്ന കന്നുകാലി വ്യവസായത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംരക്ഷിക്കണം. പിടിയിലായ യുവമോര്‍ച്ച ജില്ലാ നേതാക്കള്‍ അടമുള്ളവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണന്‍, ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, വൈസ് പ്രസിഡന്റ് ഹനാന്‍ മൊല്ല, പുഷ്പേന്ദര്‍ ത്യാഗി എന്നിവര്‍ പങ്കെടുത്തു.