ത്രിപുരയിൽ 47 വിദ്യാർഥികൾ എച്ച്ഐവി ബാധിച്ചു മരിച്ചതായി ഞെട്ടിപ്പിക്കുന്ന കണക്ക്. ത്രിപുര സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.. 828 വിദ്യാർഥികൾ എച്ച്ഐവി ബാധിതരാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായും സൊസൈറ്റിയുടെ റിപോർട്ടിൽ പറയുന്നു. രോഗബാധിതരായ നിരവധി വിദ്യാർഥികൾ ഉന്നതപഠനത്തിനും മറ്റുമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണെന്നും റിപോർട്ട് ചൂണ്ടിക്കാട്ടുന്നു.
|
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള മയക്കുമരുന്ന് കുത്തിവയ്പുകളാണ് ഇത്രയധികം വിദ്യാർഥികളിൽ എച്ച്ഐവി വ്യാപനത്തിനു കാരണമായത്. സംസ്ഥാനത്തെ 220 സ്കൂളുകളിലും 24 കോളജുകളിലും നിരവധി സർവകലാശാലകളിലും എച്ച്ഐവി ബാധിതരായ വിദ്യാർഥികളെ കണ്ടെത്തിയെന്ന് സൊസൈറ്റിയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
സംസ്ഥാനത്ത് 5674 എച്ച്ഐവി ബാധിതരാണ് ജീവിച്ചിരിക്കുന്നതെന്നും ഇതിൽ 4570 പേർ പുരുഷന്മാരും 1103 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജൻഡറുമാണെന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. എച്ച്ഐവി ബാധിതരായ കുട്ടികളിൽ ഭൂരിഭാഗവും സമ്പന്ന കുടുംബത്തിൽ നിന്നുള്ളവരാണെന്നും ഇവരുടെ മാതാപിതാക്കളിൽ സർക്കാർ ജീവനക്കാരുമുണ്ടെന്നും പറഞ്ഞ ഉദ്യോഗസ്ഥൻ മക്കളുടെ ആവശ്യങ്ങളൊക്കെ നിറവേറ്റി നൽകുന്ന രക്ഷിതാക്കൾ ഇവർ മയക്കുമരുന്നിന്റെ പിടിയലമർന്നെന്നും മനസ്സിലാക്കുന്നത് ഏറെ വൈകിയാണെന്നും കൂട്ടിച്ചേർത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





