സോണിപത്: വൃദ്ധ സദനത്തില്‍ മരിച്ച പിതാവിന്റെ അന്ത്യ കര്‍മങ്ങള്‍ക്കു പോലും എത്താതെ മക്കള്‍. ഹരിയാനയിലെ സോണിപത്തില്‍ വൃദ്ധസദനത്തില്‍ താമസിച്ചിരുന്ന 74-കാരനായ ശിവ്ചരണ്‍ ഗുപ്തയുടെ മരണവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും സമൂഹമനസ്സിനെ വേദനിപ്പിക്കുന്നതാണ്.
|
തുണിക്കച്ചവടക്കാരനായിരുന്ന ശിവ്ചരണ്‍ ഗുപ്തയ്ക്ക് മൂന്ന് പെണ്‍മക്കളുണ്ടായിരുന്നു. ഭാര്യ മരിച്ചതിന് ശേഷം അദ്ദേഹം ഒറ്റയ്ക്കാണ് വൃദ്ധസദനത്തില്‍ കഴിഞ്ഞിരുന്നത്. മക്കളുമായി ബന്ധപ്പെടാനായി ഒരു മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആശ്രയം.
ഭാര്യയ്‌ക്കൊപ്പം ഏറെ പ്രയത്നിച്ച് മൂന്ന് പെണ്‍മക്കളെയും പഠിപ്പിച്ച് സ്വയംപര്യാപ്തരാക്കിയിരുന്നു അദ്ദേഹം. ഇവരില്‍ രണ്ടുപേര്‍ അധ്യാപികമാരാണ്. നേപ്പാള്‍, ഉത്തര്‍പ്രദേശ്, മുംബൈ എന്നിവിടങ്ങളിലാണ് ഇവര്‍ താമസിച്ചിരുന്നത്.
വൃദ്ധസദനത്തിന്റെ മാനേജര്‍ പറയുന്നതനുസരിച്ച്, ശിവ്ചരണ്‍ ഗുപ്തയുടെ ആരോഗ്യനില മോശമാണെന്ന് 20 ദിവസം മുമ്പ് തന്നെ മൂന്ന് മക്കളെയും അറിയിച്ചിരുന്നു. എന്നിട്ടും ഒരാള്‍ പോലും അദ്ദേഹത്തെ കാണാന്‍ എത്തിയില്ല.
ആരോഗ്യനില കൂടുതല്‍ വഷളായതോടെ പിതാവിന്റെ ഫോണ്‍വിളികള്‍ പോലും മക്കള്‍ സ്വീകരിക്കാതായതായും വൃദ്ധസദന അധികൃതര്‍ പറയുന്നു.
ശിവ്ചരണ്‍ ഗുപ്ത മരിച്ചതിന് പിന്നാലെ വീണ്ടും മക്കളെ വിവരം അറിയിക്കുകയും അവര്‍ എത്തുന്നതുവരെ സംസ്‌കാരച്ചടങ്ങുകള്‍ വൈകിപ്പിക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ മൂന്ന് പേരില്‍ ഒരാളും എത്താന്‍ തയ്യാറായില്ല.
പകരം, മൂത്ത മകള്‍ 5,100 രൂപ ഓണ്‍ലൈനായി അയച്ച് സംസ്‌കാരച്ചെലവിന് ഉപയോഗിക്കാനും ചടങ്ങുകള്‍ വീഡിയോ കോളിലൂടെ കാണിക്കണമെന്നും ആവശ്യപ്പെട്ടതായി വൃദ്ധസദന അധികൃതര്‍ പറഞ്ഞു.
ആദ്യം അസ്ഥി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് അത് കൊണ്ടുപോകാന്‍ സമയമില്ലെന്നും ഗംഗയില്‍ അസ്ഥി നിമജ്ജനം ചെയ്യാനുള്ള ക്രമീകരണവും വൃദ്ധസദനം തന്നെ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. ചടങ്ങുകളുടെ വീഡിയോ അയച്ചു നല്‍കാനും മകള്‍ ആവശ്യപ്പെട്ടു.
ഒടുവില്‍ വൃദ്ധസദനത്തിലെ ജീവനക്കാരാണ് ശിവ്ചരണ്‍ ഗുപ്തയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്.
ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചയാവുകയാണ്. മാതാപിതാക്കള്‍ ജീവിതം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ചിട്ടും അവസാനകാലത്ത് ഒറ്റപ്പെടേണ്ടിവരുന്ന അവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങളും ഈ സംഭവത്തിന് പിന്നാലെ ഉയരുകയാണ്.
Tags:
Sonipat, Haryana, Old Age Home, Shivcharan Gupta, Elderly, Senior Citizen, Funeral, Family, Daughters, Human Interest, Viral News, India News, Social Issues, Elder Care, Old Age, Loneliness, Emotional Story
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



