ന്യൂഡല്‍ഹി: ഇന്ത്യയിലെ ജയിലുകളില്‍ തടവുകാര്‍ നേരിടുന്ന ജാതിവിവേചനം ഞെട്ടിക്കുന്നതാണെന്നും അത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.(Supreme Court says caste discrimination in prisons is shocking; Kerala has not yet responded to the notice) മാധ്യമപ്രവര്‍ത്തക സുകന്യ ശാന്ത നല്‍കിയ പൊതു താല്‍ര്യ ഹര്‍ജിയിലാണ് നീരീക്ഷണം.
|
ജാതി വിവേചനം തടയുന്നതിനായി ജയിലുകളില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജയില്‍ ചട്ടങ്ങളിലെ വിവേചനപരമായ പരാമര്‍ശങ്ങളും ഭാഗങ്ങളും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പ്രത്യേക ജാതിവിഭാഗങ്ങളെ ചില ജോലികളില്‍ നിന്ന് ഒഴിവാക്കുന്ന പരാമര്‍ശം ജയില്‍ ചട്ടങ്ങളിലുണ്ട്. ‘തോട്ടിപ്പണി ചെയ്യുന്ന വിഭാഗം’ എന്ന പരാമര്‍ശവും കോടതി ശ്രദ്ധയില്‍പ്പെടുത്തി. ദൗര്‍ഭാഗ്യകരവും ഞെട്ടിക്കുന്നതുമായ ഇത്തരം പരാമര്‍ശങ്ങള്‍ ജയില്‍ ചട്ടങ്ങളില്‍ നിന്ന് എത്രയും പെട്ടെന്ന് നീക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജനുവരിയില്‍ കേസ് പരിഗണിച്ചപ്പോള്‍ കേരളത്തിലേത് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ജയില്‍ചട്ടങ്ങളിലെ വിവേചനപരമായ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ മറുപടി തേടി കേരളം ഉള്‍പ്പെടെയുള്ള പതിനഞ്ചോളം സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടീസ് നല്‍കി. എന്നാല്‍ കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ആകെ നാല് സംസ്ഥാനങ്ങള്‍ മാത്രമാണ് വിഷയത്തെ ഗൗരവത്തോടെ സമീപിക്കാന്‍ തയ്യാറായത്.
കോടതിയുടെ ഇടപെടലിന് പിന്നാലെ ജയിലുകളിലെ ജാതിവിവേചനം ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നു. ദലിതര്‍ക്ക് പ്രത്യേക സെല്ലുകള്‍ ഉള്ളതും, തമിഴ്നാട്ടിലെ ജയിലുകളില്‍ ഉന്നതജാതിയില്‍പെട്ടവര്‍ക്ക് പ്രത്യേക സെല്ലുകള്‍ ഉള്ളതുമെല്ലാം കഴിഞ്ഞ ദിവസത്തെ വാദത്തില്‍ ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ ജയിലുകളില്‍ ബ്രാഹ്‌മണര്‍ക്ക് അടുക്കള ജോലി മാത്രമെന്ന ചട്ടമുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ ഇനിയും മറുപടി നല്‍കാനുള്ളതിനാല്‍ അവയെല്ലാം കേട്ട ശേഷം കേസ് വിധിപറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്.





