28
Jul 2024
Sat
28 Jul 2024 Sat
Ambani wedding

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന്‍ അനന്ത് അംബാനിയും രാധിക മര്‍ച്ചന്റും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ക്ക് നാളെ പരിസമാപ്തി. (Anand Ambani Radhika merchant wedding details ) മൂന്ന് മാസം നീണ്ട വിവാഹാഘോഷത്തിനായി ഏകദേശം 5000 കോടി രൂപയാണു ചെലവിടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിശ്ചയത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ജൂലൈ 12 മുതല്‍ 14 വരെ നടക്കുന്ന ചടങ്ങുകളാണു പ്രധാനം. ജിയോ വേള്‍ഡ് സെന്ററിലും അംബാനിയുടെ ആഡംബരവീടായ ആന്റിലിയയിലുമാണു മൂന്നു ദിവസത്തെ വിവാഹച്ചടങ്ങ്. ഇന്നലെ രാത്രി 10.10നുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു അനന്ത് രാധികയെ ജീവിതസഖിയാക്കിയത്. അനന്തിനെ സഹോദരി ഇഷ, സഹോദരന്‍ ആകാശ്, ആകാശിന്റെ ഭാര്യ ശ്ലോക എന്നിവര്‍ ചേര്‍ന്ന്് വിവാഹ വേദിയിലേക്ക് സ്വീകരിച്ചു. അമ്മ നിത അംബാനി ഗണേശ വിഗ്രഹം ആലേഖനം ചെയ്ത വിളക്കുമായി മുന്നില്‍ നടന്നാണ് അനന്തിനെ വിവാഹ വേദിയിലേക്ക് ആനയിച്ചത്.
Anand Ambani Mukesh Ambani Nita Ambani

16,000ലേറെ പേര്‍ക്ക് ഇരിക്കാവുന്ന ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാഷ്ട്രീയ, കായിക, ബിസിനസ്, സിനിമാ രംഗത്തെ പ്രമുഖരാണു പങ്കെടുക്കുന്നത്. എല്ലാവര്‍ക്കും പ്രത്യേക വസ്ത്രധാരണ രീതിയുണ്ട്. വിരുന്നിനു ബെംഗളൂരു ആസ്ഥാനമായ രാമേശ്വരം കഫേ ഉള്‍പ്പെടെയുള്ളവരാണ് ഭക്ഷണം ഒരുക്കുന്നത്. ശനിയാഴ്ചയാണ് ശുഭ് ആശിര്‍വാദ് ദിനം. മതപരമായ ചടങ്ങുകള്‍ക്കാണു പ്രാധാന്യം.

ഹിന്ദു വിവാഹാചാര പ്രകാരമുള്ള ഈ ചടങ്ങുകള്‍ 27 നിലകളുള്ള ആന്റിലിയലാണു നടക്കുക. ചടങ്ങിന്റെ അവസാനത്തില്‍ ഇരു കുടുംബത്തിലെയും മുതിര്‍ന്നവരില്‍നിന്നു നവദമ്പതികള്‍ അനുഗ്രഹം തേടും. ഞായറാഴ്ച നടക്കുന്ന സ്വീകരണ ചടങ്ങുകളോടെ ആഘോഷങ്ങള്‍ക്ക സമാപനമാകും. മംഗള്‍ ഉത്സവ് എന്ന ഈ ചടങ്ങില്‍ നവദമ്പതികളെ ആഘോഷപൂര്‍വം കുടുംബാംഗങ്ങള്‍ സ്വീകരിക്കും. ഈ ചടങ്ങും ആന്റിലിയയിലാണു നടക്കുക. അതിഥികള്‍ പ്രത്യക തരത്തിലുള്ള പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമാണു ധരിക്കേണ്ടത്.
Rajanikanth family

ഡിസംബര്‍ 29ന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം. വടക്കന്‍ രാജസ്ഥാനിലെ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. ജനുവരി 18ന് പരമ്പരാഗത മെഹന്ദി ചടങ്ങോടെയുള്ള വിവാഹനിശ്ചയ പാര്‍ട്ടിയില്‍ ഐശ്വര്യ റായ് ബച്ചന്‍, ദീപിക പദുകോണ്‍, രണ്‍വീര്‍ സിങ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. മാര്‍ച്ച് 12ന് ജാംനഗറിലായിരുന്നു വിവാഹപൂര്‍വ ആഘോഷം. ഫെയ്‌സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്സും പോപ് ഗായിക റിഹാന തുടങ്ങിയവരും സംബന്ധിച്ചു.

ജാംനഗറിലെ 50,000-ത്തിലധികം ഗ്രാമീണര്‍ക്ക് അംബാനി കുടുംബം അത്താഴവും നല്‍കി. ഇറ്റാലിയന്‍ നഗരമായ സിസിലിയയിലെ പലേര്‍മോയില്‍ തുടങ്ങി റോമില്‍ അവസാനിക്കുന്ന ആഡംബര ചാര്‍ട്ടേഡ് കപ്പല്‍ യാത്രയും വിവാഹത്തിനു മുന്നോടിയായി ദമ്പതികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നടത്തി. 4 ദിവസമായിരുന്നു ഈ ക്രൂസ് കപ്പല്‍ യാത്ര. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ നിര്‍ധനരായ 50 യുവതികളുടെ സമൂഹവിവാഹവും നടന്നു.
Jio world center

ഇന്ന് ശുഭ് ആശിര്‍വാദ് ദിനത്തിലെ വിരുന്നില്‍ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. എല്ലാ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. മുംബൈയില്‍ വിവിധ പരിപാടികള്‍ക്കായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങില്‍ പങ്കെടുത്തേക്കും. ഞായറാഴ്ച്ച മംഗള്‍ ഉത്സവ് ദിനത്തില്‍ ബോളിവുഡ് താരനിര അണിനിരക്കും. രാഷ്ട്രീയ നേതാക്കളും അതിഥി പട്ടികയിലുണ്ട്. 15നു റിലയന്‍സ് ജീവനക്കാര്‍ക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. യുകെ മുന്‍ പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സണ്‍, ടോണി ബ്ലെയര്‍, കാനഡ മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് എത്തുന്നത്. അതിഥികളുമായി നൂറിലേറെ സ്വകാര്യ വിമാനങ്ങള്‍ മുംബൈയിലെത്തും. വ്യവസായി വിരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളാണ് രാധിക.