കൊച്ചി: എറണാകുളം മുസ്ലിം ലീഗിലെ വിഭാഗീയതക്കെതിരേ ശക്തമായ താക്കീത് നല്കി സംസ്ഥാന നേതൃത്വം. (League state leadership warns that groupism will not be tolerated) പാര്‍ട്ടിയില്‍ ഒരുതരത്തിലുള്ള വീഭാഗീയതയും വെച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വിഭാഗീയത തുടര്‍ന്നാല്‍ കഴിവും പ്രാഗത്ഭ്യമുള്ളവരെ കണ്ടെത്തി സ്ഥാനമാനങ്ങള്‍ ഏല്‍പ്പിക്കും. ഒരു ഗ്രൂപ്പിനേയും പ്രോത്സാഹിപ്പിക്കില്ല. പാര്‍ട്ടിയില്‍ സംസ്ഥാന അധ്യക്ഷന്‍ കീഴിലുള്ള ഒറ്റ ഗ്രൂപ്പ് മതിയെന്നും പി.എം.എ സലാം മുന്നറിയിപ്പ് നല്കി.
|
എറണാകുളം മുസ്ലിം ലീഗില്‍ വിഭാഗീയത രൂക്ഷമായി തുടരുന്നതിനിടയിലാണ് സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പ്. വിമത ഗ്രൂപ്പ് ശക്തി പ്രകടനം നടത്തിയത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. പുറത്താക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടിലിനെ പിന്തുണക്കുന്ന അഹമ്മദ് കബീര്‍ ഗ്രൂപ്പാണ് കളമശ്ശേരിയില്‍ ശക്തിപ്രകടനം നടത്തിയത്. മണ്ഡലം ഭാരവാഹികള്‍ അടക്കമുള്ള നേതാക്കള്‍ പരിപാടിക്കെത്തിയിരുന്നു.
അഹമ്മദ് കബീര്‍ – ഇബ്രാഹിംകുഞ്ഞ് ഗ്രൂപ്പുകള്‍ തമ്മില്‍ ശക്തമായ വടംവലി നടക്കുന്ന എറണാകുളം ജില്ലയില്‍ ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടിലിനെ നേതൃത്വം പുറത്താക്കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നടപടിയോടുള്ള കടുത്ത അമര്‍ഷമാണ് കബീര്‍ ഗ്രൂപ്പിനെ ശക്തിപ്രകടനത്തിന് പ്രേരിപ്പിച്ചത്. ‘ഖിലാഫത്ത് റദ്ദാക്കലിന്റെ ഒരു നൂറ്റാണ്ട്’ എന്ന പേരിലാണ് കളമശ്ശേരിയില്‍ വിമത ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചത്.


