തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
|
എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റ് ദിവസങ്ങളിലെ മഴ മുന്നറിയിപ്പ് ഇങ്ങിനെ
ഓറഞ്ച് അലര്‍ട്ട്
17-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
18-07-2024: കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
19-07-2024: കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
മഞ്ഞ അലര്‍ട്ട്
16-07-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
17-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
18-07-2024: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്
19-07-2024: എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
20-07-2024: കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകാന് സാധ്യതയുണ്ട്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
ജൂലൈ 19ഓടെ പുതിയ ന്യൂനമര്‍ദ്ദം
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദ്ദം ജൂലൈ 19 ഓടെ രൂപപ്പെടാന്‍ സാധ്യത. നിലവില്‍ തെക്കന്‍ ഛത്തീസ്ഗറിനും വിദര്‍ഭക്കും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത്തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. അതോടൊപ്പം കേരള തീരത്തു ശക്തിയേറിയ പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റും സ്ഥിതി ചെയ്യുന്നതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി/മിന്നല്‍/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴക്കെടുതിയിൽ ഇന്ന് ആറ് മരണം
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ആറ് മരണം. പാലക്കാട് വടക്കഞ്ചേരി കൊട്ടേക്കാട് വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു. കൊടക്കുന്ന് വീട്ടിൽ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു. കോളാരി സ്വദേശി കുഞ്ഞാമിന ആണ് മരിച്ചത്. ചൊക്ലിയിൽ വെള്ളക്കെട്ടിൽപ്പെട്ട് ഒളവിലം സ്വദേശി കുനിയിൽ ചന്ദ്രശേഖരൻ മരിച്ചു.
പത്തനംതിട്ട തിരുവല്ലയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 65കാരൻ മരിച്ചു. തിരുവല്ല സ്വദേശി റെജിയാണ് മരിച്ചത്. വയനാട് പുൽപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്പം 73 കോളനിയിലെ സുധൻ ആണ് മരിച്ചത്.


