സർക്കാർ ജോലിയിൽ സംവരണം നീക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം 105 ആയി. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
|
ബംഗ്ലാദേശിൽ മൂന്നാഴ്ചയായി നടന്നുവരുന്ന പ്രതിഷേധം ഈ ആഴ്ച ശക്തി പ്രാപിക്കുകയായിരുന്നു. നൂറിലേറെ പേർ പ്രതിഷേധത്തിൽ മരിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി ശൈഖ് ഹസീന ടെലിവിഷനിലൂടെ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയും അനുരഞ്ജന ചർച്ചയ്ക്കു ക്ഷണിക്കുകയും ചെയ്തു. 1971ൽ പാകിസ്താനെതിരേ യുദ്ധം ചെയ്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ ഏർപ്പെടുത്തിയിട്ടുള്ള 30 ശതമാനം സംവരണം നീക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം തുടങ്ങിയത്.
പ്രതിഷേധക്കാർ നർസിങ്ദി ജില്ലയിലെ ജയിലിലെ തടവുകാരെ മോചിപ്പിച്ച ശേഷം ജയിലിന് തീയിടുകയുണ്ടായി. ഇതിനിടെ ബംഗ്ലാദേശിൽ നിന്ന് 245 ഇന്ത്യക്കാർ സ്വരാജ്യത്ത് തിരിച്ചെത്തി. ഇന്ത്യയിലേക്ക് ബംഗ്ലാദേശികൾ അനധികൃതമായി കടക്കാനുള്ള ശ്രമം തടയാൻ അതിർത്തികളിൽ ബിഎസ്എഫ് അടക്കമുള്ള സുരക്ഷാ സേനകളെ വിന്യസിച്ചിട്ടുണ്ട്. 8500 വിദ്യാർഥികളടക്കം 15000 ഇന്ത്യക്കാരാണ് ബംഗ്ലാദേശിലുള്ളതെന്നാണ് കണക്ക്. ഇവർ സുരക്ഷിതരാണെന്ന് വിദേശകാര്യ വക്താവ് രൺധിർ ജെയ് സ്വാൾ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





