08
Jul 2024
Mon
08 Jul 2024 Mon
14 year old boy recovered from amoebic meningoencephalitis in calicut

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14കാരൻ രോ​ഗം ഭേ​ദമായി ആശുപത്രി വിട്ടു. ഇന്ത്യയിലാദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചയാൾ രോ​ഗമുക്തി നേടുന്നത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നുപേർ മരിച്ചതിനു ശേഷമാണ് 14കാരൻ തക്കസമയത്തെ ചികിൽസയിലൂടെ രോ​ഗത്തെ തോൽപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

9 ദിവസം ഐസിയുവിൽ കിടന്ന ശേഷമാണ് കുട്ടി സുഖംപ്രാപിച്ചത്. രക്ഷിതാക്കളുടെയും ആശുപത്രി ജീവനക്കാരുടെയും സമയോചിതമായ ഇടപെടലാണ് കുട്ടിയെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചത്. ജൂൺ മുപ്പതിന് വൈകീട്ട് കുട്ടിക്ക് അപസ്മാരത്തിനു സമാനമായ ലക്ഷണങ്ങളുണ്ടാവുകയും ഉടൻ പയ്യോളിയിലെ ഒരു ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും ചെ്യതു. കുട്ടി കുളത്തിൽ കുളിച്ച കാര്യം മാതാപിതാക്കൾ പറഞ്ഞതോടെ ഡോക്ടർക്ക് സംശയം തോന്നുകയും വിദ​ഗ്ധ ചികിൽസ നിർദേശിക്കുകയുമായിരുന്നു.

തുടർന്നാണു കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച രണ്ട് കുട്ടികൾ ഇതേ ആശുപത്രിയിൽ നേരത്തേ ചികിത്സയിലുണ്ടായിരുന്നതിനാൽ ഡോക്ടർമാർക്ക് ലക്ഷണങ്ങൾ പെട്ടെന്നു തിരിച്ചറിയാനായി. ആശുപത്രിയിൽ എത്തിച്ച അന്നുതന്നെ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള മരുന്നുകൾ നൽകിത്തുടങ്ങി. ഇതുകഴിഞ്ഞാണ് പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. രോ​ഗം അതിവേ​ഗം തിരിച്ചറിയാൻ ഡോക്ടർമാർക്ക് കഴിഞ്ഞതും ചികിൽസ സമയത്ത് ആരംഭിച്ചതുമാണ് കുട്ടിയുടെ ജീവൻ തിരിച്ചുപിടിക്കാൻ സഹായിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക