അബുദാബി: വേനല്‍ക്കാലത്ത് ജോലി സമയം കുറയ്ക്കാനുള്ള പരീക്ഷണ പദ്ധതിയുമായി ദുബൈ. കഠിനമായ വേനല്‍ക്കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കാനൊരുങ്ങുകയാണ് ദുബൈ. ഓഗസ്റ്റ് 12 മുതല്‍ സെപ്തംബര്‍ 30 വരെയാണ് ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുക. ഇതോടെ ആഴ്ചയില്‍ പ്രവൃത്തി ദിവസം നാലായി കുറയും. ഒപ്പം ജോലി സമയം ഏഴ് മണിക്കൂറായും ചുരുങ്ങും. (New pilot project launched by the Dubai Government Human Resources Department (DGHR) aiming to reduce working hours at government Offices in the emirate.)
|
ദുബൈയിലെ 15 സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഈ ഇളവ് നല്‍കുന്നത്. ഇന്നലെയാണ് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ആകും ഇത് നടപ്പാക്കുക. പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ ഭാവിയിലും ഇതേ രീതിയില്‍ അവധി നല്‍കണോ എന്ന കാര്യത്തില്‍ മാനവവിഭവശേഷി വകുപ്പ് അന്തിമ തീരുമാനമെടുക്കും.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആവശ്യകതകള്‍ പരിഗണിച്ച് ജീവനക്കാരുടെ പ്രകടനവും അവരുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനൊപ്പം വഴക്കമുള്ള തൊഴില്‍ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള ദുബൈ ഭരണകൂടത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് പുതിയ പദ്ധതിക്കു പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു.
ദുബൈ ഭരണകൂടത്തിന്റെ മാനവ വിഭവശേഷി വകുപ്പ് ആരംഭിച്ച our summ-r is flexible എന്ന പദ്ധതിയുടെ ഭാഗമായാണിത്. പ്രതികൂലമായ കാലാവസ്ഥയില്‍ ജീവനക്കാരുടെ തൊഴില്‍ മികവും ജീവിത നിലവാരവും ഉയര്‍ത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. വേനല്‍ക്കാലത്തെ ജോലിയെക്കുറിച്ച് നേരത്തെ ജീവനക്കാരില്‍ സര്‍വേ നടത്തിയിരുന്നു. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഓഫീസ് സമയം വെട്ടിക്കുറയ്ക്കുക എന്നതിന് വലിയ പിന്തുണയാണ് സര്‍വേയില്‍ ലഭിച്ചത്.
ദുബൈയിലെ താമസക്കാരുടെ ക്ഷേമം വര്‍ധിപ്പിക്കാനും ദീര്‍ഘകാലം താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള ആഗോള ലക്ഷ്യസ്ഥാനമായി ദുബൈയിയെ മാറ്റിയെടുക്കാനും ലക്ഷ്യമിട്ടുള്ള ‘ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033’ ന് കീഴില്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് പുതിയ നീക്കം.
പദ്ധതി പരീക്ഷണാര്‍ഥം നടപ്പിലാക്കുന്ന വേളയില്‍ ജീവനക്കാരിലും മൊത്തത്തിലുള്ള ഉല്‍പ്പാദനക്ഷമതയിലും അത് ഉണ്ടാക്കുന്ന സ്വാധീനം സംബന്ധിച്ച് ഫീഡ്ബാക്ക് കൈമാറുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
2022 ജനുവരിയില്‍ യുഎഇ സര്‍ക്കാര്‍ ആഴ്ചയില്‍ പ്രവൃത്തി ദിവസം നാലരയാക്കി കുറച്ചിരുന്നു. തുടര്‍ന്ന് മറ്റൊരു എമിറേറ്റായ ഷാര്‍ജയിലും പ്രവൃത്തി ദിവസം നാലാക്കി കുറച്ചു. 2022ല്‍ ബ്രിട്ടണിലും ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. പിന്നീട് 61 കമ്പനികള്‍ ഈ രീതി തുടര്‍ന്നു. ജോലി സമയം കുറഞ്ഞെങ്കിലും പ്രവൃത്തി സമയത്ത് ജീവനക്കാരില്‍ പ്രൊഡക്ടിവിറ്റി വലിയതോതില്‍ കൂടിയതായി പരീക്ഷണത്തിലൂടെ കണ്ടെത്തിയിരുന്നു.
four days work week with seven hours a day in Dubai office





