27
Aug 2024
Fri
27 Aug 2024 Fri
Rahul Gandhi vs Subrahmanyan swami

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ നടപടി തേടി ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യം സ്വാമി ഡല്‍ഹി ഹൈക്കോടതിയില്‍. (Rahul Gandhi’s citizenship should be revoked; Subramaniam Swamy in Delhi High Court) പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നാണ് സ്വാമിയുടെ ആവശ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യു.കെയില്‍ 2003-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാക്കോപ്‌സ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാരിലും സെക്രട്ടറിമാരിലും ഒരാളാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹത്തിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും ആരോപിച്ച് 2019-ല്‍ സുബ്രഹ്‌മണ്യം സ്വാമി ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

ബാക്കോപ്സ് ലിമിറ്റഡിന്റെ വാര്‍ഷിക റിട്ടേണുകളില്‍ ഒന്നില്‍ രാഹുല്‍ ഗാന്ധിയെ ബ്രിട്ടീഷ് പൗരനായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2005 ഒക്ടോബര്‍ 10-നും 2006 ഒക്ടോബര്‍ 31-നും സമര്‍പ്പിച്ച വാര്‍ഷിക റിട്ടേണുകളിലും 2009 ഫെബ്രുവരി 17-ന് ബാക്കോപ്സ് ലിമിറ്റഡിന്റെ പിരിച്ചുവിടല്‍ അപേക്ഷയിലും രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നുണ്ടെന്നും സ്വാമി ആരോപിക്കുന്നു.

ഇത് ഇന്ത്യന്‍ ഭരണഘടനയുടെ 9ാം അനുച്ഛേദത്തിന്റേയും 1955-ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 ഏപ്രില്‍ 29-ന് ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് കത്തെഴുതുകയും ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും ആവശ്യപ്പെട്ടിരുന്നു.

കത്ത് നല്‍കി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വ്യക്തതയില്ലെന്നാണ് സുബ്രഹ്‌മണ്യം സ്വാമി പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.