തൃശ്ശൂര്‍: പ്രജകളുടെ അഭീഷ്ടം സാധിക്കുകയാണ് തന്റെ കര്‍ത്തവ്യമെന്ന് പ്രഖ്യാപിച്ചു ജയിച്ചു കയറിയ എംപിയെ ഒരു നിവേദനം കൊടുക്കാന്‍ പോലും കണ്ടുകിട്ടാനില്ലാതെ വലയുകയാണ് തൃശൂരുകാര്. (Suresh Gopi has not yet opened MP office in Thrissur) വിജയിച്ച് മൂന്ന് മാസമാകുമ്പോഴും എം.പിയുടെ ഓഫീസ് തുറക്കാത്ത സുരേഷ് ഗോപിയെ ജയിപ്പിച്ച് കുടുങ്ങിയ സ്ഥിതിയിലാണ് നാട്ടുകാര്‍.
|
കേന്ദ്ര മന്ത്രി ആയതിനാല്‍ എപ്പോഴും മണ്ഡലത്തില്‍ വരാന്‍ സാധിക്കില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. എം.പിയോട് പറയാന്‍ ഉള്ളത് ബി.ജെ.പി ജില്ലാ പ്രസിഡന്റിനോട് പറഞ്ഞാല്‍ മതിയെന്ന വിചിത്ര നിര്‍ദേശവും എംപിയുടെ വകയായുണ്ട്.
എന്നാല്‍, തങ്ങള്‍ക്ക് ഇങ്ങനെ ഒരു എം.പി ഇല്ലെന്ന നിലയിലാണ് ബി.ജെ.പി നേതൃത്വം പെരുമാറുന്നത്. ഇതോടെ ബി.ജെ.പി നേതൃത്വവും സുരേഷ് ഗോപിയും തമ്മിലുള്ള പോരില്‍ വലഞ്ഞിരിക്കുകയാണ് ജനങ്ങള്‍.
സുരേഷ്ഗോപി സ്ഥാനാര്‍ത്ഥിയായത് മുതല്‍ തുടങ്ങിയ ജില്ലാ നേതൃത്വവുമായുള്ള ഏറ്റുമുട്ടല്‍ പ്രതി ദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എം.പി ഓഫീസ് കൃത്യമായി പ്രവര്‍ത്തിക്കാത്തതിനാല്‍ പരാതികളും അപേക്ഷകളും നല്കാന് എവിടെ പോകുമെന്നാണ് ജനങ്ങളുടെ ചോദ്യം.
വല്ലപ്പോഴും പരിപാടികളില്‍ വരുമ്പോള്‍ മാത്രമാണ് പരാതികളും നിവേദനങ്ങളും നല്കാന് കഴിയുന്നതെന്ന് ജനങ്ങള്‍ പരാതിപ്പെട്ടു. എന്നാല്‍ വിരലിലെണ്ണാവുന്ന പരിപാടികളില്‍ മാത്രമാണ് എം.പി മണ്ഡലത്തില്‍ എത്തിയിട്ടുള്ളത്. ജൂലൈ മാസം ആദ്യം തൃശ്ശൂര്‍ മണ്ഡലത്തിന് കീഴിലുള്ള ഭൂരിപക്ഷം പ്രദേശങ്ങളും മഴക്കെടുതിയില്‍ ബുദ്ധിമുട്ടിയപ്പോള്‍ പോലും എം.പി അങ്ങോട്ടെത്തിയില്ലെന്ന വിമര്‍ശനവും സുരേഷ് ഗോപിക്കെതിരെ ഉയരുന്നുണ്ട്.
കൂടാതെ ആഗസ്ത് 15ന് നഗരത്തിലെ ഹയാത്ത് ഹോട്ടലില്‍ ഉണ്ടായിരുന്ന എം.പി തേക്കിന് കാട് മൈതാനത്ത് നടന്ന സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ദിന പരിപാടിയിലും പങ്കെടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ജന പ്രതിനിധിക്ക് യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിനിധികളെ അയക്കും. എന്നാല്‍ സുപ്രധാന യോഗങ്ങളില്‍ പകരം ഒരു പ്രതിനിധിയെ പോലും സുരേഷ് ഗോപി അയച്ചില്ലെന്ന വിമര്‍ശനവും രൂക്ഷമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





