26
Sep 2024
Sun
26 Sep 2024 Sun
uncle and vattappi illicit liqour

കാക്കനാട്: ഓണത്തോടനുബന്ധിച്ച് വന്‍തോതില്‍ ചാരായം നിര്‍മിച്ചു വില്‍ക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍.
കാക്കനാട് കുലുക്കി സര്‍ബത്തിന്റെ മറവിലാണ് ചാരായ വില്‍പ്പന നടത്തിയത്. പൂക്കാട്ടുപടി സ്വദേശി തേവക്കല്‍ താമസിക്കുന്ന അങ്കിള്‍ എന്ന് വിളിക്കുന്ന മണലിക്കാട്ടില്‍ വീട്ടില്‍ സന്തോഷ്(54), കാക്കനാട് കൊല്ലംകുടിമുകള്‍ സ്വദേശി മണ്ണാരംകുന്നത്ത് വീട്ടില്‍ കിരണ്‍ കുമാര്‍ എന്ന വാറ്റാപ്പി(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തേവക്കലില്‍ രണ്ടുനില വീട് വാടകക്ക് എടുത്തായിരുന്നു രഹസ്യ വാറ്റ്. നാടന്‍ കുലുക്കി സര്‍ബത്ത് ഉണ്ടാക്കാന്‍ എന്ന പേരിലാണ് വീടെടുത്തത്. വാറ്റ് ചാരായത്തിന്റെ മണം പുറത്തേക്ക് വരാതിരിക്കാന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യും. ഓര്‍ഡര്‍ അനുസരിച്ചാണ് വാറ്റ്.

ALSO READ: അന്‍വറിനെ കുടുക്കാന്‍ നീക്കം; രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസുകാര്‍ നിരീക്ഷണത്തില്‍

ഇവരുടെ വാഹനങ്ങളില്‍ നിന്നും വാടക വീട്ടില്‍ നിന്നുമായി 20 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. ചാരായം നിര്‍മിക്കാന്‍ പാകമാക്കി വെച്ചിരുന്ന 950 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍, അഞ്ച് ഗ്യാസ് കുറ്റി, 30 ലിറ്ററിന്റെ നാല് പ്രഷര്‍ കുക്കറുകള്‍, ചാരായം നിറക്കുന്നതിന് വേണ്ടി സൂക്ഷിച്ചുവെച്ച അര ലിറ്ററിന്റെ 700 കാലി പ്ലാസ്റ്റിക് കുപ്പികള്‍, ചാരായം നിറച്ച കുപ്പികള്‍, സീല്‍ ചെയ്യുന്നതിനുള്ള ഉപകരണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

അതോടൊപ്പം ചാരായ വില്‍പന നടത്താന്‍ ഉപയോഗിച്ചിരുന്ന ഇവരുടെ ഓട്ടോറിക്ഷയും നാനോ കാറും രണ്ട് സ്മാര്‍ട്ട് ഫോണുകളും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.