ബംഗളൂരു: സുപ്രിംകോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്ത പരാതിയില്‍ കേന്ദ്ര ആരോഗ്യമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ ജെ.പി നഡ്ഡ, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവര്‍ക്കെതിരേ ക്രിമിനല്‍ കേസ്. അഭിഭാഷകനായ ആദര്‍ശ് അയ്യരുടെ പരാതിയില്‍ ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരം സിറ്റി പൊലിസ് ആണ് കേസെടുത്തത്. കേന്ദ്രമന്ത്രിമാരെ കൂടാതെ കേന്ദ്ര ഏജന്‍സിയായ ഇ.ഡി ഉദ്യോഗസ്ഥര്‍, കര്‍ണാടക ഘടകം ബി.ജെ.പി പ്രസിഡന്റ്, ബി.വൈ രാജേന്ദ്ര, മുന്‍ പ്രസിഡന്റ് നലീന്‍ കുമാര്‍ കാട്ടീല്‍ തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 384 (പിടിച്ചുപറിക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയവ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്തത്.
റെയ്ഡ് ഭീഷണിയെന്ന സമ്മര്‍ദ്ദ തന്ത്രത്തിലൂടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബി.ജെ.പിക്കായി ആയിരക്കണക്കിന് ബോണ്ടുകള്‍ വാങ്ങാന്‍ കോര്‍പ്പറേറ്റുകളെ നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഈ വര്‍ഷം ഏപ്രിലിലാണ് ബംഗളൂരുവിലെ അഭിഭാഷകനായ ആദര്‍ശ് അയ്യര്‍ കോടതിയെ സമീപിച്ചത്. ഇലക്ടറല്‍ ബോണ്ടുകള്‍ വ്യവസായികളെ ഭീഷണിപ്പെടുത്തി കൊള്ളയടിച്ചെന്നായിരുന്നു പരാതിക്കാരന്‍ പ്രധാനമായും ഉന്നയിച്ചത്. ഈ ബോണ്ടുകള്‍ ബി.ജെ.പി നേതാക്കള്‍ പണമാക്കിമാറ്റുകയും നിര്‍മലയും നഡ്ഡയും അടക്കമുള്ളവര്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു.
കേസിന് പിന്നാലെ കേന്ദ്രമന്ത്രിമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. വിവാദമായ ഇലക്ടറല്‍ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി റദ്ദാക്കുകയായിരുന്നു.
|
മൈസൂര്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (MUDA) യുടെ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ സംസ്ഥാന അഴിമതി വിരുദ്ധ സമിതി കേസെടുത്തതിന് പിന്നാലെയാണ് പൊലിസിന്റെ നടപടി. ഭാര്യക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് മുഡ പ്രീമിയം സ്വത്തുക്കള്‍ അനുവദിച്ചുവെന്ന ആരോപണം അന്വേഷിക്കാന്‍ ലോകായുക്തയോട് നിര്‍ദ്ദേശിച്ച കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസ്.
FRI registers criminal case against JP Nadda and Nirmala Sitharaman in electoral bond case





