|
തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് നാളെ നടക്കുമ്പോള്‍, 70 ലക്ഷം ആളുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആ ഭാഗ്യശാലി ആരായിരിക്കും? എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് ആ മഹാഭാഗ്യശാലിയെ. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തുക. പൂജാ ബമ്പറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിക്കും.
നറുക്കെടുപ്പിന് 24 മണിക്കൂര്‍ മാത്രം ശേഷിക്കെ ടിക്കറ്റ് വില്‍പ്പന 70 ലക്ഷത്തിലേക്ക് കടന്നു. ആകെ 80 ലക്ഷം ടിക്കറ്റുകള്‍ വിപണിയില്‍ എത്തിച്ചതില്‍, ഇന്നലെ നാലുമണി വരെയുള്ള കണക്ക് അനുസരിച്ച് 69,70,438 ടിക്കറ്റുകളാണ് വിറ്റു പോയത്.
മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് ലോട്ടറി വകുപ്പ് കരുതുന്നത്. പാലക്കാട് ജില്ലയിലാണ് ഇത്തവണയും ടിക്കറ്റ് കൂടുതല്‍ വിറ്റുപോയത്. തിരുവനന്തപുരവും തൃശൂരും തൊട്ടു പിന്നിലുണ്ട്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 12,78,720 ടിക്കറ്റുകളാണ് പാലക്കാട്ട് വിറ്റുപോയത്. തിരുവനന്തപുരത്ത് 9,21,360 ടിക്കറ്റുകളും തൃശ്ശൂരില്‍ 8,44390 ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്.
25 കോടി രൂപ ഒന്നാം സമ്മാനം എന്നത് മാത്രമല്ല ഓണം ബംബറിന്റെ പ്രത്യേകത. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആണ് ലഭിക്കുന്നത്. ഇതുകൂടാതെ മൂന്നാം സമ്മാനം ഓരോ പരമ്പരയിലും 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കുന്നതാണ്.
കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന നടക്കുന്നത്. പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നത്.
Kerala Lottery: Who is the lucky winner of 25 crores? Thiruvonam bumper draw tomorrow


