കര്‍ണാടകയിലെ പ്രമുഖ വ്യവസായി ബി എം മുംതാസ് അലി(52) കുളൂര്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മലയാളി ദമ്പതികള്‍ പിടിയില്‍. റഹ്‌മത്ത്, ഇവരുടെ ഭര്‍ത്താവ് ഷുഹൈബ് എന്നിവരെയാണ് കാവൂര്‍ പോലീസ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന് അറസ്റ്റ് ചെയ്തത്. നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം മുംതാസ് അലിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. തുടര്‍ന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ മുംതാല് അലി ജീവനൊടുക്കുകയായിരുന്നു. ജനതാദള്‍ സെക്കുലര്‍ (എസ്) മുന്‍ എംഎല്‍എയായ ബി എം ഫാറൂഖിന്റെയും കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മുഹിയുദ്ദീന്‍ ബാവയുടെയും സഹോദരനാണ് മുംതാസ് അലി.
|
മുംതാസ് അലിയെ ചിലര്‍ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കു പുറമേ സംഘത്തില്‍പെട്ട ഷാഫി, മുസ്തഫ അബ്ദുല്‍ സത്താര്‍, ഇയാളുടെ ഡ്രൈവര്‍ സിറാജ് എന്നിവരെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
മുപ്പത് വര്‍ഷത്തിലേറെയായി പൊതുസമൂഹത്തില്‍ സജീവമായിരുന്ന മുംതാസ് അലിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. ജീവിതം അവസാനിപ്പിക്കുമെന്ന് മുംതാസ് അലി ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു.
ബൈക്കംപാടിയിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ പുറപ്പെട്ട മുംതാസ് അലിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുളൂര്‍ പാലത്തില്‍ അപകടത്തില്‍പെട്ട നിലയില്‍ മുംതാസ് അലിയുടെ ആഡംബര കാര്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പുഴയില്‍ നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണക്കാരാണെന്ന് വ്യക്തമാക്കി മുംതാസ് അലി പ്രതികളായ ആറുപേരുടെ വിവരങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വാട്‌സാപ്പ് സന്ദേശമായി അയച്ചിരുന്നു.





