മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ജില്ലാ ചുമതല കൈമാറിയ നടപടി റദ്ദാക്കി ശിവേസന(ഷിന്‍ഡേ). ശ്രീകാന്ത് പാങ്ഗാര്‍ക്കറാണ് വെള്ളിയാഴ്ചയാണ്് ശിവസേനയില്‍ അംഗത്വമെടുത്തത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ അര്‍ജുന്‍ ഖോട്കറിന്റെ സാന്നിധ്യത്തിലായിരുന്നു ഇയാള്‍ ശിവസേയില്‍ തിരിച്ചെത്തിയത്. ജല്‍ന ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉത്തരവാദിത്വമാണ് അര്‍ജുന്‍ ഖോട്കര്‍ പാങ്ഗാര്‍ക്കറിനെ ഏല്‍പ്പിച്ചത്.
|
കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് ജില്ലാ തല ഉത്തരവാദിത്വം കൈമാറിയതിനെതിരേ വിമര്‍ശനമുയര്‍ന്നതോടെ ശിവസേന തീരുമാനം മരവിപ്പിച്ചതായി അറിയിക്കുകയായിരുന്നു. 2017 സപ്തംബര്‍ അഞ്ചിനായിരുന്നു ഗൗരി ലങ്കേഷിനെ ബംഗളുരുവിലെ വസതിക്കുപുറത്തുവച്ച് ബൈക്കിലെത്തിയ സംഘം വെടിവച്ചുകൊന്നത്.
ഈ കേസില്‍ ജല്‍ന മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറും മുന്‍ ശിവസേനാ നേതാവുമായിരുന്ന ശങ്കര്‍ പാങ്കാര്‍ക്കര്‍ അടക്കമുള്ളവരും അറസ്റ്റിലായിരുന്നു. 2023 സപ്തംബര്‍ നാലിന് കര്‍ണാടക ഹൈക്കോടതി ശങ്കറിന് ജാമ്യം അനുവദിച്ചിരുന്നു. 2011 തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഹിന്ദു ജനജാഗ്രതി സമിതിയില്‍ ചേരുകയായിരുന്നു. നവംബര്‍ 20നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 23ന് വോട്ടെണ്ണും.





