29
Jun 2026
Mon
29 Jun 2026 Mon
Fayyaz Premji was caught distributing poisonous capsules

മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ (Muharram Procession) വേദനസംഹാരികളെന്ന വ്യാജേന എലിവിഷം (Rat Poison) ചേര്‍ത്ത ഗുളികകള്‍ വിതരണം ചെയ്ത് ആയിരത്തിലധികം പേരെ കൂട്ടക്കൊല ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പൂനെ സ്വദേശിയായ ഫയാസ് പ്രേംജി (39) എന്നയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ വീടിന് സമീപത്തെ കഠിനമായ എലിശല്യത്തില്‍ നിന്നാണ് ഇയാള്‍ക്ക് ഈ ക്രൂരകൃത്യത്തിനുള്ള ആശയം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. എലിവിഷം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ‘സിങ്ക് ഫോസ്‌ഫൈഡ്’ (Zinc Phosphide) എന്ന മാരക രാസവസ്തുവാണ് ഇയാള്‍ ഗുളികകളില്‍ നിറച്ചിരുന്നത്. സിങ്ക് ഫോസ്‌ഫൈഡ് മനുഷ്യശരീരത്തില്‍ എത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇതിന്റെ കൃത്യമായ അളവുകളെക്കുറിച്ചും ഗൂഗിളിലും എഐ (AI) ടൂളുകളിലും ഇയാള്‍ വ്യാപകമായി ഗവേഷണം നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പിതാവിന് പെയിന്റ് ഫാക്ടറി ഉള്ളതിനാല്‍ ഈ രാസവസ്തു വളരെ എളുപ്പത്തില്‍ ഇയാള്‍ക്ക് സംഘടിപ്പിക്കാന്‍ സാധിച്ചു.

വനിതാ വോളന്റിയര്‍മാരുടെ ഇടപെടല്‍; വന്‍ ദുരന്തം ഒഴിവായി

വെള്ളിയാഴ്ച മുംബൈ ബൈക്കുളയില്‍ നടന്ന മുഹറം ഘോഷയാത്രയ്ക്കിടയിലാണ് പ്രേംജി വിഷഗുളികകള്‍ വിതരണം ചെയ്തത്. കാപ്‌സ്യൂളുകള്‍ വിതരണം ചെയ്യുന്നതിനിടയില്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ചില വനിതാ വോളന്റിയര്‍മാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും ഇയാള്‍ വിതരണം ചെയ്ത ഗുളികകള്‍ കഴിച്ച ഏതാനും പേര്‍ക്ക് കഠിനമായ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളുടെ കൈവശം 15,000-ത്തോളം വിഷഗുളികകള്‍ ഉണ്ടായിരുന്നു. ഇത് പുണ്യപ്രവര്‍ത്തിയാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ച് ഗുളികകള്‍ വിതരണം ചെയ്യാന്‍ ഇയാള്‍ ചിലരുടെ സഹായവും തേടിയിരുന്നു. ആകെ 30,000 കാപ്‌സ്യൂളുകളും(മരുന്ന് ഇടുന്നതിനുള്ള ഉറകള്‍) 50 കിലോ സിങ്ക് ഫോസ്‌ഫൈഡുമാണ് ഇയാള്‍ ഓര്‍ഡര്‍ ചെയ്തിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ബിബിഎ (BBA) ബിരുദധാരിയായ ഇയാള്‍ക്ക് ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന് മാനസികനില തെറ്റിയിരുന്നതായി അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ പ്രവര്‍ത്തിക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

അന്താരാഷ്ട്ര ബന്ധം അന്വേഷിച്ച് പോലീസ്

പ്രതിയുടെ അന്താരാഷ്ട്ര യാത്രാ രേഖകളും ബാങ്ക് അക്കൗണ്ടുകളും പോലീസ് നിലവില്‍ വിശദമായി പരിശോധിച്ചുവരികയാണ്. ഇയാള്‍ കഴിഞ്ഞ വര്‍ഷം ഇറാഖിലും ഇറാനിലും സന്ദര്‍ശനം നടത്തുകയും അവിടെ ഒന്നോ രണ്ടോ മാസം ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ അമ്മയും സഹോദരിയും ഇപ്പോള്‍ ഇറാനിലാണ് താമസം. 2019-നും 2025-നും ഇടയില്‍ ഇയാള്‍ 19 തവണ വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഒരു ഘട്ടത്തില്‍ വെറും 19 ദിവസത്തിനുള്ളില്‍ മൂന്ന് തവണയാണ് ഇയാള്‍ ഇറാന്‍ സന്ദര്‍ശിച്ചത്.

വിദേശ ശക്തികളുടെ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഈ സംഭവത്തിന് പിന്നിലുണ്ടോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇയാളുടെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ വിശദമായ ഓഡിറ്റിംഗ് ആരംഭിച്ചിട്ടുണ്ട്.

How A Rats’ Nest Led To Poison Pills At Mumbai’s Muharram Procession