ഭര്‍ത്താവിന്റെ ശാരീരിക പീഡനത്തിനു പിന്നാലെ യുവതി ജീവനൊടുക്കി. തിരുവനന്തപുരം ആറ്റുകാലില്‍ ആണ് സംഭവം. 27കാരിയായ ആരതിയെയാണ് വാടകവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അതുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
|
അതുല്‍ ഉപദ്രവിച്ചതിനെ തുടര്‍ന്ന് ദേഹത്തുണ്ടായ പാടുകളുടെ ചിത്രം അമ്മയ്ക്ക് മൊബൈല്‍ ഫോണില്‍ അയച്ചുനല്‍കിയ ശേഷമാണ് ആരതി ജീവനൊടുക്കിയത്.
ഒന്നരവര്‍ഷം മുമ്പ് 50 പവന്‍ സ്വര്‍ണം സ്ത്രീധനമായി നല്‍കിയാണ് കുടുംബം ആരതിയെ അതുലിന് വിവാഹം കഴിച്ചുനല്‍കിയത്. ഇയാള്‍ ഈ സ്വര്‍ണം പണയം വച്ചു. ഇതിനു ശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ട് ആരതിയുമായി വഴക്കിട്ടിരുന്നതായും കുടുംബം പറഞ്ഞു.
വെള്ളി രാത്രിയാണ് ആരതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇതിനു തൊട്ടുമുമ്പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. അതുല്‍ വീടിനു പുറത്തിറങ്ങി പോയതിനു പിന്നാലെയാണ് ആരതി തൂങ്ങിമരിച്ചത്. അതുലാണ് ആരതി മരിച്ച വിവരം കൂട്ടുകാരനെയും പോലീസിനെയും വിളിച്ചറിയിച്ചത്.
പോലീസ് എത്തിയാണ് കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയത്. മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അതുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും ആരതി ആരോപിച്ചിരുന്നു.
ALSO READ: ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി





