14
Oct 2024
Wed
14 Oct 2024 Wed
Four-year degree examinations: time extended

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളത്തില്‍ നാലുവര്‍ഷ ബിരുദ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര സമയം ലഭിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് ആദ്യ സെമസ്റ്റര്‍ പരീക്ഷകള്‍ നീട്ടി നല്‍കി. നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ നടപടികള്‍ വൈകിയതും വയനാട് ദുരന്തവും അവധികളെ തുടര്‍ന്നുണ്ടായ അധ്യയന ദിവസത്തിലെ കുറവും കണക്കിലെടുത്താണ് ആദ്യ സെമസ്റ്റര്‍ പരീക്ഷ നീട്ടിയത്. പുതിയ തീരുമാനപ്രകാരം നവംബര്‍ 20 മുതല്‍ ഡിസംബര്‍ 8 വരെ തീയതികളില്‍ ആദ്യ സെമസ്റ്റര്‍ പരീക്ഷകള്‍ നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നത യോഗത്തിലാണ് തീരുമാനം.

നേരത്തെ നവംബര്‍ 5 മുതല്‍ 25 വരെ പരീക്ഷ തീയതി നിശ്ചയിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ വേണ്ടത്ര അധ്യായന ദിവസം ലഭിക്കാത്തത് വിദ്യാര്‍ത്ഥികളില്‍ ആശങ്കക്കിടയാക്കിയിരുന്നു. പരീക്ഷ തീയതി നീട്ടിയാലും റിസള്‍ട്ട് മുന്‍നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 22 നുള്ളില്‍ തന്നെ പ്രസിദ്ധീകരിക്കും. വയനാട് ദുരന്തത്തിന്റെയും മഴയുടെയും പശ്ചാത്തലത്തില്‍ സ്വയംഭരണ കോളേജുകളിലടക്കം ആവശ്യമായ ക്ലാസ് ലഭിച്ചിട്ടുണ്ടോ എന്ന് സര്‍വ്വകലാശാലകള്‍ പരിശോധിച്ചു. നഷ്ടപ്പെട്ട ദിനങ്ങള്‍ക്ക് പകരം ക്ലാസ് ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് അന്തര്‍ സര്‍വ്വകലാശാല മാറ്റത്തിനും, മറ്റ് സര്‍വ്വകലാശാലകളില്‍ നിന്നും കോഴ്‌സുകള്‍ എടുക്കാനും അവസരം നല്‍കിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. അതിന് എല്ലാ സര്‍വകലാശാലകളും ഒരേസമയം പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

 

എല്ലാ അധ്യാപകര്‍ക്കും പ്രാക്ടീസ്

ഈ വര്‍ഷം മുതല്‍ ആരംഭിച്ച നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ പരീക്ഷമൂല്യനിര്‍ണയ രീതികളെക്കുറിച്ചും ക്ലാസ്‌റൂം വിനിമയത്തിലെ മാറ്റങ്ങളെക്കുറിച്ചും മുഴുവന്‍ അധ്യാപകര്‍ക്കുമുള്ള പരിശീലനം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. SCIENCE, SOCIAL SCIENCE, HUMANITIES & LANGUAGES, COMMERCE എന്നീ നാലു വിഭാഗങ്ങളായി ക്ലസ്റ്റര്‍ തിരിച്ചാണ് പരിശീലനം നല്‍കുക. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഇതിനാവശ്യമായ കൈപ്പുസ്തകം നല്‍കും.

കേവലം സിലബസ് പൂര്‍ത്തീകരിച്ചു പരീക്ഷ നടത്തുകയല്ല നാലുവര്‍ഷ ബിരുദം വിഭാവനം ചെയ്യുന്നത്. ഓരോ കോഴ്‌സിലൂടെയും വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പുവരുത്തലാണ് ഇതിലെ പ്രഥമലക്ഷ്യം. ആവശ്യമായ ക്ലാസുകള്‍ നടക്കുകയെന്നത് ഇതിനുള്ള അനിവാര്യമായ മുന്നുപാധിയാണ്. രജിസ്ട്രാര്‍മാരുടെ സമിതി തയ്യാറാക്കിയ ഏകീകൃത അക്കാഡമിക് കലണ്ടര്‍ അനുസരിച്ച് സര്‍വ്വകലാശാലകള്‍ അക്കാഡമിക് കലണ്ടര്‍ രൂപീകരിച്ചതും ഇതുപ്രകാരമാണ്.

Four-year degree examinations: time extended; All teachers will be given practice in assessment and class method