ഒമാന്‍ തീരത്ത് വച്ച് 14 ഇന്ത്യന്‍ നാവികരുമായി സഞ്ചരിച്ച ചരക്കുകപ്പല്‍ (Dhow) മുങ്ങാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് നാടകീയമായ രക്ഷാപ്രവര്‍ത്തനം. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. യു.എസ് നാവികസേന, ഇന്ത്യന്‍ നാവികസേന, സമീപത്തുണ്ടായിരുന്ന ഒരു ചരക്കുകപ്പല്‍ എന്നിവര്‍ സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
|
ഒമാനിലെ രാസ് അല്‍ ഹദ്ദില്‍ (Ras Al Hadd) നിന്നും ഏകദേശം 80 നോട്ടിക്കല്‍ മൈല്‍ കിഴക്ക് മാറി കപ്പല്‍ അപകടത്തില്‍പ്പെട്ട വിവരം ലഭിച്ച ഉടന്‍ തന്നെ യു.എസ് നാവികസേന ഇന്ത്യന്‍ നാവികസേനയെയും ഒമാന്‍ തീരദേശ അധികൃതരെയും വിവരമറിയിക്കുകയായിരുന്നു.
രക്ഷകനായി യു.എസ് നാവികസേനയുടെ പി-8 വിമാനം
അപകടവിവരം അറിഞ്ഞയുടന്‍ യു.എസ് നാവികസേനയുടെ ‘പി-8’ (P-8) മാരിടൈം പട്രോളിംഗ് വിമാനം സംഭവസ്ഥലത്തേക്ക് കുതിച്ചു. മുങ്ങിക്കൊണ്ടിരുന്ന കപ്പലിന് സമീപത്തേക്ക് വിമാനത്തില്‍ നിന്നും അടിയന്തിരമായി ഒരു ലൈഫ് റാഫ്റ്റ് (ജീവസുരക്ഷാ ബോട്ട് – Life raft) താഴേക്ക് ഇട്ടുകൊടുത്തു. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യന്‍ നാവികരും ഉടന്‍ തന്നെ ഈ ലൈഫ് റാഫ്റ്റിലേക്ക് മാറി രക്ഷപ്പെടുകയായിരുന്നു. വിമാനത്തിലെ ഉദ്യോഗസ്ഥര്‍ മുകളില്‍ നിന്നും ഇവരുടെ രക്ഷാപ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ALSO READ: സ്വര്‍ണത്തെ ഇനി നോക്കണ്ട; 2026 അവസാനത്തോടെ സ്വര്‍ണവിലയില്‍ സംഭവിക്കാന്‍ പോകുന്നത്!
ഇതിന് പുറമെ, ഇതേ റൂട്ടില്‍ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ‘എം.വി ജബല്‍ അലി 9’ (MV Jabal Ali 9) എന്ന വാണിജ്യ കപ്പലിനോടും സഹായത്തിനായി യു.എസ് വിമാനം അഭ്യര്‍ത്ഥിച്ചു. ഒമാനിലെ സോഹാറില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്ന സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് (St Kitts and Nevis) പതാകയേന്തിയ ഈ ചരക്കുകപ്പല്‍ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തായിരുന്നു ഉണ്ടായിരുന്നത്. ഉടന്‍ തന്നെ കപ്പല്‍ തിരിച്ചുവിട്ട് നാവികരെ സുരക്ഷിതമായി ബോര്‍ഡിലേക്ക് മാറ്റി. രക്ഷപ്പെടുത്തിയ 14 പേരും ഇന്ത്യന്‍ പൗരന്മാരാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
തന്ത്രപ്രധാന മേഖലയിലെ അടിയന്തിര നീക്കം
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിന് (Strait of Hormuz) സമീപമുള്ള ഒമാന്റെ കിഴക്കന്‍ തീരത്താണ് ഈ അപകടം നടന്നത്. പശ്ചിമേഷ്യയിലെ നിലവിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം അതീവ ജാഗ്രത പുലര്‍ത്തുന്ന മേഖലയാണിത്.
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഈ മേഖലയിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇപ്പോഴും പൂര്‍ണ്ണതോതിലായിട്ടില്ല. ഈ പ്രദേശത്ത് ഡ്രോണ്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക നീക്കങ്ങള്‍ സജീവമായതിനാല്‍ മാസങ്ങളായി കപ്പല്‍ കമ്പനികളും നാവിക അധികൃതരും അതീവ ജാഗ്രതയോടെയാണ് സര്‍വീസ് നടത്തുന്നത്. നൂറുകണക്കിന് കപ്പലുകളും ഇരുപതിനായിരത്തോളം നാവികരും ഗള്‍ഫ് മേഖലയിലെ ഗതാഗത തടസ്സങ്ങള്‍ കാരണം നിലവില്‍ ബുദ്ധിമുട്ടുന്നുണ്ട്. ഇതിനിടയിലാണ് ഇന്ത്യക്കാര്‍ അടങ്ങിയ മറ്റൊരു കപ്പലിന് നേരെയും ആക്രമണമുണ്ടായതായി ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിക്കുന്നത്.
US Navy Helps Sinking Dhow Carrying 14 Indian Nationals Off Oman Coast


