കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ പുതിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി വരുന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയാണ് പുനസ്സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. പുതിയ കമ്മിറ്റി ഉടന്‍ വരുമെന്ന് സുരേഷ് ഗോപി അറിയിച്ചു. അതിനുള്ള തുടക്കം കുറിച്ചിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ ഇനി വരട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയിലെ അമ്മയുടെ ഓഫീസില്‍ എത്തിയ സുരേഷ് ഗോപി ഫോണില്‍ മോഹന്‍ലാലുമായി സംസാരിച്ചു.
|
അമ്മ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തിലും കുടുംബസംഘമത്തിലും പങ്കെടുക്കാനായി കൊച്ചിയിലെത്തിയപ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്. പറയേണ്ടതെല്ലാം മോഹന്‍ലാലിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് അമ്മ പൊതുപരിപാടി സംഘടിപ്പിച്ചത്. മമ്മൂട്ടി ഉള്‍പ്പടെയുള്ള നടന്‍മാര്‍ ചടങ്ങിനെത്തി.
കഴിഞ്ഞ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന ജയന്‍ ചേര്‍ത്തല, വിനു മോഹന്‍, ബാബു രാജ്, ടിനി ടോം തുടങ്ങിയവരും ചടങ്ങിനെത്തി. നടന്നത് യോഗമല്ലെന്നും അംഗങ്ങളുടെ ഒത്തുചേരല്‍ മാത്രമാണെന്നും വിനു മോഹന്‍ പറഞ്ഞു.
അമ്മ സംഘടന ഇപ്പോഴും സജീവമാണെന്നും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നും വിനു മോഹന്‍ പ്രതികരിച്ചു. സംഘടനയുടെ പുതിയ കമ്മിറ്റി സംബന്ധിച്ച ആലോചനകളും ചര്‍ച്ചകളും പുരോഗമിക്കുകയാണെന്നും അനുയോജ്യമായ തീരുമാനം ഉടന്‍ വരുമെന്നും വിനു പറഞ്ഞു.

നിവിന്‍ പോളി, അനൂപ് മേനോന്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, ഷാജു ശ്രീധര്‍, ബീന ആന്റണി, കലാഭവന്‍ പ്രജോദ് തുടങ്ങിയവരും ഒത്തുചേരലില്‍ പങ്കെടുത്തു.
മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മലയാളസിനിമാ താരങ്ങളുടെ സംഘടനയായ അമ്മയെ ഗുരുതര പ്രതിസന്ധിയിലാക്കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ധീഖിനെതിരെ ലൈംഗീക ആരോപണം ഉയരുകയും അദ്ദേഹം സിദ്ധീഖ് രാജി വെക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ മുകേഷിനും സംവിധായകന്‍ രഞ്ജിത്തിനും എതിരേ കേസും ഉണ്ട്. ഇതോടെയാണ് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്. അഡ്‌ഹോക്ക് കമ്മിറ്റിയാണ് നിലവില്‍ സംഘടനയുടെ താല്‍ക്കാലിക ചുമതല നിര്‍വഹിക്കുന്നത്.
Suresh Gopi trying to restructuring of ‘Amma’


