|
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വിലകൂടിയ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന നിലയില്‍ പ്രശസ്തനാണ് പ്രശാന്ത് കിഷോര്‍. 2014ല്‍ ആദ്യമായി നരേന്ദ്രമോദിയെ അധികാരത്തിലേറാന്‍ സഹായിച്ചതിലൂടെയാണ് പ്രശാന്ത് കിഷോര്‍ പ്രശസ്തനായത്. പിന്നീട് കോണ്‍ഗ്രസ്, ജെ.ഡി.യു, ഡി.എം.കെ തുടങ്ങിയ മിക്ക പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി പ്രശാന്തിനെ ആശ്രയിച്ചു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഫീസ് എത്രയാണെന്ന വിവരം പുറത്തുവന്നിരിക്കുകയാണ്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ നേതാക്കളെയോ ഉപദേശിക്കുന്നതിന് 100 കോടിയിലധികം രൂപയാണ് ഫീസായി ഈടാക്കുന്നതെന്ന് ജാന്‍ സൂരജ് കണ്‍വീനര്‍ കൂടിയായ പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബിഹാറില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു തന്റെ ഫീസ് അദ്ദേഹം വെളിപ്പെടുത്തിയത്.
ബെലഗഞ്ചിലെ ഒരു പരിപാടിയില്‍ സംസാരിക്കവെ, തന്റെ കാമ്പയ്നുകള്‍ക്ക് എങ്ങനെ ഫണ്ട് നല്‍കുന്നുവെന്ന് ആളുകള്‍ തന്നോട് പതിവായി ചോദിക്കുന്നതായി വിശദീകരിച്ചാണ് ഫീസ് നിരക്ക് അദ്ദേഹം വെളിപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ പത്ത് സര്‍ക്കാരുകള്‍ എന്റെ തന്ത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്റെ പ്രചാരണത്തിന് ടെന്റുകളും മേലാപ്പുകളും സ്ഥാപിക്കാന്‍ എനിക്ക് മതിയായ പണമില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞാന്‍ അത്ര ദുര്‍ബലനാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ബിഹാറില്‍ എന്റെ ഫീസിനെ കുറിച്ച് ആരും കേട്ടിട്ടില്ല. ഒരു തിരഞ്ഞെടുപ്പില്‍ ഞാന്‍ ഒരാളെ ഉപദേശിച്ചാല്‍ ഫീസായി നല്‍കേണ്ടത് 100 കോടി രൂപയോ അതിലധികമോ ആണ്. അത്തരം ഒരു തിരഞ്ഞെടുപ്പ് ഉപദേശം ഉപയോഗിച്ച് എനിക്ക് എന്റെ പ്രചാരണത്തിന് പണം കണ്ടെത്താന്‍ കഴിയും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബീഹാറിലെ നാല് നിയമസഭാ സീറ്റുകളില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ജാന്‍ സൂരജ് മത്സരിക്കുന്നുണ്ട്. ബെലഗഞ്ചില്‍ നിന്ന് മുഹമ്മദ് അംജദ്, ഇമാംഗഞ്ചില്‍ നിന്ന് ജിതേന്ദ്ര പാസ്വാന്, രാംഗഢില്‍ നിന്ന് സുശീല്‍ കുമാര്‍ സിംഗ് കുശ്വാഹ, തരാരിയില്‍ നിന്ന് കിരണ്‍ സിംഗ് എന്നിവരാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍.
ഈ മാസം 13നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.
How much is the fee for plotting? Prashant Kishore revealed
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





