25
Nov 2024
Sat
25 Nov 2024 Sat
sandeep G warrier attack bjp after joining congress

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം പഴയപാര്‍ട്ടിയായ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യര്‍.
വെറുപ്പ് മാത്രം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്ന് ഏറെക്കാലം സ്‌നേഹവും കരുതലും പ്രതീക്ഷിച്ചതാണ് താന്‍ ചെയ്ത തെറ്റെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. അവിടെ ഇത്രയും നാള്‍ നിന്നതില്‍ തനിക്ക് ജാള്യം തോന്നുന്നു. ആരില്‍ നിന്നും പിന്തുണ ലഭിക്കാതെ, ഏകാധിപത്യ സംവിധാനത്തില്‍ അകപ്പെട്ട അവസ്ഥയിലായിരുന്നു ബിജെപിയില്‍ താന്‍. ഏകാധിപത്യ പ്രവണതയുള്ള, ജനാധിപത്യത്തെ മാനിക്കാത്ത സിസ്റ്റത്തില്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്നു. സ്വന്തം അഭിപ്രായം പറയാനോ വ്യക്തിത്വം കാത്തുസൂക്ഷിക്കാനോ മനുഷ്യപക്ഷത്ത് നിന്ന് നിലപാട് പ്രഖ്യാപിക്കാനോ പോലും സ്വാതന്ത്ര്യം ലഭിക്കാതെ അച്ചടക്കനടപടി നേരിട്ട ആളാണ് താനെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

സന്ദീപിന്റെ വാക്കുകള്‍:

കേരളത്തില്‍ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും പരസ്പരം ഉപരോധം ഏര്‍പ്പെടുത്തി ജീവിക്കാന്‍ ആകില്ലെന്ന് സാമൂഹിക മാധ്യമ പോസ്റ്റിട്ടതിന്റെ പേരില്‍ ഒരു വര്‍ഷ കാലം അച്ചടക്ക നടപടി നേരിട്ട ആളാണ് ഞാന്‍. മാധ്യമ ചര്‍ച്ചകളില്‍ പോകേണ്ട എന്ന് നിശ്ചയിക്കപ്പെട്ടയാളാണ് ഞാന്‍. ബന്ധങ്ങളിലും സൗഹൃദങ്ങളിലും മതം തെരയാനോ കാലുഷ്യം ഉണ്ടാക്കാനോ ഒരു കാരണവശാലും എനിക്ക് താല്‍പര്യമില്ല. അതുകൊണ്ട് തന്നെ വ്യക്തിപരമായ അഭിപ്രായം എന്ന് പറഞ്ഞ് കൊണ്ട് ഞാന്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഒരു വര്‍ഷം സംഘടനയുടെ കയ്യാലപുറത്ത് നില്‍ക്കേണ്ട അവസ്ഥ ഉണ്ടായി. അത്യന്തം ഹീനമായിട്ടുള്ള സാമൂഹിക മാധ്യമ അതിക്രമത്തിന് ഞാന്‍ ഇരയായി. എന്നിട്ടും ഞാന്‍ സംഘടനയെ തള്ളിപ്പറയാന്‍ തയ്യാറായില്ല. പ്രത്യയശാസ്ത്രത്തിന്റെ നാവായി നിലക്കൊണ്ടു. ബിജെപിയില്‍ നിന്ന് കിട്ടിയത് ഒറ്റപ്പെടുത്തലും വേട്ടയാടലുമാണ്’.

‘ഞാന്‍ ത്രിവര്‍ണ ഷാള്‍ അണിഞ്ഞതിന്റെ ഉത്തരവാദി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സംഘവുമാണ്. സിപിഎമ്മുമായും മുഖ്യമന്ത്രിയുമായും ചേര്‍ന്ന് അഡ്ജസ്റ്റമെന്റ് പോളിറ്റിക്‌സ് കളിക്കുന്നതിനെതിരെ നിലപാട് എടുത്തു എന്നതാണ് എന്റെ കുറ്റം. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തു എന്നതാണ് ഞാന്‍ ചെയ്ത കുറ്റം. ധര്‍മ്മരാജന്റെ കോള്‍ ലിസ്റ്റില്‍ പേരില്ലാതെ പോയി എന്നതാണ് ഞാന്‍ ചെയ്ത കുറ്റം. കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റി കൊടുത്തവന്‍, ബലിദാനികളെ മറന്നവന്‍ എന്നി പേരുകളില്‍ എന്നെ സാമൂഹിക മാധ്യമങ്ങളില്‍ വേട്ടയാടി. ബലിദാനികളുടെ ഫോട്ടോ വെച്ചാണ് എന്നെ വേട്ടയാടിയത്. ബലിദാനിയുടെ ഫോട്ടോ സ്ഥാനാര്‍ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം വെച്ച് വോട്ട് തേടുന്ന തരത്തിലേക്ക് എന്നുമുതലാണ് ഈ സംഘടന തരംതാഴ്ന്നുപോയത്?. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബലിദാനിയായ ശ്രീനിവാസന്റെ ഫോട്ടോ വച്ച് വോട്ട് തേടുന്ന അവസ്ഥയിലേക്ക് എന്നാണ് പാര്‍ട്ടി തരംതാഴ്ന്നത് എന്ന് നിങ്ങള്‍ ചോദിക്കണം. ബലിദാനികളുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ് ഇവിടത്തെ പാവം സ്വയംസേവകര്‍. പാലക്കാട്ടെ സ്വയംസേവകരോട് പറയുകയാണ്. ശ്രീനിവാസന്‍ വധക്കേസില്‍ എങ്ങനെയാണ് 17 പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായത് എന്നതിനെ സംബന്ധിച്ച് ബിജെപി നേതൃത്വം മറുപടി പറഞ്ഞിട്ട് വേണം ബലിദാനികളുടെ ഫോട്ടോ വെച്ച് വോട്ട് തേടാന്‍. യുഎപിഎ ചുമത്തിയ കേസില്‍ 17 പ്രതികള്‍ക്ക് എങ്ങനെ ജാമ്യം ലഭിച്ചു?’

അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും തര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായും അടുത്ത സുഹൃദ്ബന്ധം സൂക്ഷിച്ചിട്ടുള്ളയാളാണ് ഞാന്‍. രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായ സൗഹൃദവുമുണ്ടായിരുന്നു. മാനവികമായും മനുഷ്യത്വപരമായും ചിന്തിക്കുക എന്നത് രാഷ്ട്രീയത്തില്‍ ഏറെ പ്രധാനമാണ്. ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ നിന്ന് സ്‌നേഹവും കരുതലും താങ്ങലുമൊക്കെ നമ്മള്‍ പ്രതീക്ഷിക്കും. വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഒരു സ്ഥലത്ത് നിന്ന് അത്തരം കരുതല്‍ പ്രതീക്ഷിച്ചത് എന്റെ തെറ്റ്.

ഞാന്‍ ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളില്‍ മതം ചികയാന്‍ ഒരു താല്പര്യവും എനിക്കുണ്ടായിരുന്നില്ല. വ്യക്തിപരമായ ആ അഭിപ്രായം പങ്കുവച്ചതിന് ഹീനമായ സാമൂഹ്യ മാധ്യമ അതിക്രമം തന്നെ എനിക്ക് നേരിടേണ്ടി വന്നു. അപ്പോഴൊന്നും ഞാന്‍ സംഘടനയെ തള്ളിപ്പറഞ്ഞിട്ടില്ല. ഞാന്‍ വിശ്വസിച്ചുവരുന്ന പ്രത്യയശാസ്ത്രം പിന്തുടരുന്ന സംഘടനയുടെ നാവായി ഞാന്‍ നിലകൊണ്ടിട്ടുണ്ട്. ആ സംഘടനയ്ക്ക് വേണ്ടി തൊണ്ടപൊട്ടി പ്രസംഗിച്ചിട്ടുണ്ട്. ഇവിടിരിക്കുന്ന പലരുമായും പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ ഭാഷയുടെ എല്ലാ സാധ്യതയും ഉപയോഗിച്ചു. എല്ലാം പ്രസ്ഥാനത്തിന് വേണ്ടിയാണല്ലോ എന്നതായിരുന്നു എന്റെ ആശ്വാസം. പക്ഷേ തിരിച്ചിങ്ങോട്ട് എന്ത് കിട്ടി.- സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ 11 മണിയോടെ പാലക്കാട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ സന്ദീപിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഷാളണിയിച്ചാണ് സ്വീകരിച്ചത്. മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കണമെന്ന നിഷ്‌കര്‍ഷതയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് കടന്നുവന്നതെന്ന് സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും വരുംദിവസങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കാണാമെന്നും സുധാകരന്‍ പറഞ്ഞു.

ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്ന സന്ദീപ് വാര്യര്‍ വെറുപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം വിട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത പരസ്യമാക്കിയ സന്ദീപ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നില്ല. സിപിഎം നേതൃത്വവുമായി സന്ദീപ് വാര്യര്‍ ചര്‍ച്ച നടത്തിയിരുന്നു. സന്ദീപ് നല്ല നേതാവാണെന്നും വന്നാല്‍ സ്വീകരിക്കുമെന്നും സിപിഎം നേതാവ് എ.കെ ബാലന്‍ പറയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സന്ദീപ് കോണ്‍ഗ്രസിലെത്തിയത്.

sandeep G warrier after joining congress