കുവൈത്ത് സിറ്റി: കുവൈത്തിലുള്ള പ്രവാസികളില്‍ 470,978 വ്യക്തികള്‍ ഇനിയും ബയോമെട്രിക് വിരലടയാളങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.(Nearly half a million expatriates in Kuwait still need to register for biometrics) 2024 ഡിസംബര്‍ അവസാനമാണ് പ്രവാസികള്‍ക്ക് രജിസ്ട്രേഷനുള്ള അവസാന തിയ്യതിയായി നിശ്ചയിച്ചിരിക്കുന്നത്.
|
98 ശതമാനം കുവൈറ്റ് പൗരന്മാരും ബയോമെട്രിക് വിരലടയാളത്തിന് വിധേയരായിട്ടുണ്ടെന്നും 20,085 പൗരന്മാര് ഇനിയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നായിഫ് അല്‍ മുതൈരി വെളിപ്പെടുത്തി.
ഇതില്‍ 55 ശതമാനം സ്ത്രീകളും 45 ശതമാനം പുരുഷന്മാരുമാണ്, ഇത് കുവൈറ്റിലെ മൊത്തം പൗരന്മാരുടെ 2 ശതമാനം മാത്രമാണ്. ഇതുവരെ ബയോമെട്രിക് പൂര്‍ത്തിയാക്കാത്തവരില്‍ 9,803 പേര് വിദേശത്താണ്.
ബയോമെട്രിക്കിന്റെ നിയമപരവും സാങ്കേതികവുമായ വശങ്ങള് വ്യക്തമാക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടിയിലാണ് സഅദ് അല്‍ അബ്ദുല്ല അക്കാദമി ഫോര്‍ സെക്യൂരിറ്റി സയന്‍സസിന്റെ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി അല്‍-വാഹിബ് വിരലടയാളത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്. ദേശീയ സുരക്ഷാ സംവിധാനത്തില്‍ അതിന്റെ നിര്‍ണായക പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.


