27
Dec 2024
Sat
27 Dec 2024 Sat
jeep driver shot in stomach

ബിഹാറിലെ ഹേമന്ത്പൂരിലുള്ള ഹിമ്മത്ത് ഗ്രാമത്തില്‍ ഒരു ഡ്രൈവറുടെ ധീരതയാണ് ഇപ്പോള്‍ എല്ലാവരുടെയും സംസാര വിഷയം. (Jeep driver shot in stomach; drove 5 km with bullets to save passengers) നാടിന്റെ പേര്(ഹിമ്മത്ത് എന്നാല്‍ ധീരത) അന്വര്‍ഥമാക്കും വിധം സന്തോഷ് സിങ് എന്ന ജീപ്പ് ഡ്രൈവര്‍ കാണിച്ച ധീരത 15 യാത്രക്കാരുടെ ജീവനാണ് രക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രയ്ക്കിടെ വയറില്‍ വെടിയേറ്റ അദ്ദേഹം 15 യാത്രക്കാരുമായി 5 കിലോമീറ്ററോളമാണ് സഞ്ചരിച്ചത്. അറായിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവനുമായി മല്ലിടുകയാണിപ്പോള്‍ സന്തോഷ് സിങ്.

വെടിയുണ്ടയേറ്റ കുടല്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മേജര്‍ സര്‍ജറിക്ക് വിധേയനായ സന്തോഷ് സിങ് ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് ഡോ. വൈകാശ് സിങ് പറഞ്ഞു. സംഭവം ഗൗരവത്തിലെടുക്കണമെന്നും വിശദമായി അന്വേഷിച്ച് വരികയാണെന്നും ജഗദീഷ്പൂര്‍ സബ് ഡിവിഷനല്‍ പോലീസ് ഓഫീസര്‍(എസ്ഡിപിഒ) രാജീവ് ചന്ദ്ര സിങ് പറഞ്ഞു.

സന്തോഷ് സിങിന്റെ വാഹനത്തെ മാത്രം ലക്ഷ്യമിട്ടല്ല വെടിവയ്പ്പുണ്ടായതെന്ന് എസ്ഡിപിഒ അറിയിച്ചു. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങ് കഴിഞ്ഞു വരികയായിരുന്ന മൂന്ന് വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരു വാഹനത്തിന്റെ ടയറില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

മാനസിക പ്രശ്‌നമുള്ള ആളാവാം അക്രമത്തിന് പിന്നിലെന്നാണ് സൂചന. പ്രതിയുടെ രേഖാചിത്രം കണ്ട നാട്ടുകാര്‍ പറയുന്നത് ഇയാള്‍ പ്രദേശത്തുകാരനല്ലെന്നാണ്. അന്വേഷണം പുരോഗമിക്കുയാണെന്ന് പോലീസ് അറിയിച്ചു.