ന്യൂദല്‍ഹി: ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. (Supreme Court forms special bench to hear plea challenging law to maintain status quo of places of worship) 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം റിട്ട് ഹര്‍ജികള്‍ ഡിസംബര്‍ 12 ന് ഉച്ചകഴിഞ്ഞ് 3.30 ന് സുപ്രീം കോടതി പരിഗണിക്കും.
|
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന് എന്നിവര്‍ അടങ്ങുന്നതാണ് ബെഞ്ച്. നിയമം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും മതം ആചരിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നും ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനത്തിലേക്ക് നയിക്കുന്നുവെന്നും ഹരജിക്കാര്‍ വാദിക്കുന്നു.
ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ 2020-ല്‍ ഫയല്‍ ചെയ്ത കേസില്‍, കോടതി 2021 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. പിന്നീട്, സമാനമായ മറ്റ് ചില ഹര്‍ജികളും സുപ്രീം കോടതിയില്‍ എത്തി.
ആരാധനാലയങ്ങള്‍ക്ക് 1947 ആഗസ്ത് 15ന് നിലവിലുള്ള തല്‍സ്ഥിതി തുടരണമെന്ന ഭരണഘടനാ ചട്ടം ചോദ്യം ചെയ്താണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതേവരെ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല.
1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ജ്ഞാന്‍വാപി മസ്ജിദ് മാനേജിംഗ് കമ്മിറ്റി സുപ്രീം കോടതിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിന്റെ അനന്തര ഫലങ്ങള്‍ ഏറെ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും കമ്മിറ്റി വാദിച്ചു.
എന്താണ് ആരാധനാലയ നിയമം
”1947 ഓഗസ്റ്റ് 15-ന് നിലവിലുണ്ടായിരുന്ന ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിലനിര്‍ത്തുന്നതിനും ഏതെങ്കിലും ആരാധനാലയം മറ്റു വിഭാഗങ്ങള്‍ പിടിച്ചെടുക്കുന്നതും തടയുന്നതും നിരോധിക്കുന്നതിനുമുള്ള നിയമമാണിത്.
ആക്ടിന്റെ മൂന്നാം വകുപ്പ് പ്രകാരം, ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തെ പൂര്‍ണ്ണമായോ ഭാഗികമായോ, മറ്റൊരു മതവിഭാഗത്തിന്റെതാക്കി മാറ്റുന്നത് തടയുന്നു.
1947 ആഗസ്ത് 15-ന് ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം ”നിലവിലുണ്ടായിരുന്നതുപോലെ തന്നെ തുടരും” എന്ന് സെക്ഷന്‍ 4(1) പ്രഖ്യാപിക്കുന്നു. 1947 ആഗസ്ത് 15-ന് നിലവിലുള്ള ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിയുടെ മുമ്പാകെ തീര്‍പ്പുകല്‍പ്പിക്കാത്ത മുഴുവന്‍ കേസുകളും റദ്ദാക്കുമെന്നും പുതിയ കേസോ നിയമ നടപടികളോ ആരംഭിക്കാന്‍ കഴിയില്ലെന്നും സെക്ഷന്‍ 4(2) പറയുന്നു.
ബാബറി മസ്ജിദ് കേസിനും അതുമായി ബന്ധപ്പെട്ട ഏത് കേസിനും അപ്പീലിനും നടപടികള്‍ക്കും ഈ നിയമം ബാധകമല്ലെന്ന് സെക്ഷന്‍ 5 അനുശാസിക്കുന്നു.
ഈ നിയമത്തെ ചോദ്യം ചെയ്ത് ലക്നൗ ആസ്ഥാനമായുള്ള വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘും സനാതന്‍ വേദ മതത്തിന്റെ ചില അനുയായികളും ബിജെപി നേതാവ് അശ്വിനി ഉപാധ്യായയും സമര്‍പ്പിച്ച ഹരജികളാണ് ഇന്ന് സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് പരിഗണിക്കുന്നത്.
ബാബരി മസ്ജിദിന് വേണ്ടിയുള്ള സമരങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ നിന്ന സമയത്താണ് പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്.





