മുംബൈ: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക്(Online Scam) ഇരയാകുന്നവര്‍ക്ക് ആശ്വാസവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI). വ്യാജ കെവൈസി (KYC) അപ്ഡേറ്റുകള്‍, ഫിഷിംഗ് ലിങ്കുകള്‍, വ്യാജ ആപ്പുകള്‍ എന്നിവ വഴി ഡിജിറ്റല്‍ പണമിടപാട് തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം നല്‍കാനുള്ള പുതിയ മാര്‍ഗ്ഗരേഖ ആര്‍ബിഐ പുറത്തിറക്കി. പുതിയ നിയമങ്ങള്‍ 2027 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.
|
ഡിജിറ്റല്‍ ഇടപാടുകളില്‍ തട്ടിപ്പ് നടന്ന് അഞ്ച് ദിവസത്തിനകം ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി 25,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കുക. യുപിഐ (UPI), ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് എന്നിവയുടെ വളര്‍ച്ചയ്‌ക്കൊപ്പം രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ ഈ നിര്‍ണ്ണായക ഇടപെടല്‍.
ബാങ്കുകളുടെ സുരക്ഷ ശക്തമാക്കും
നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം തന്നെ തട്ടിപ്പുകള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), മെഷീന്‍ ലേണിംഗ് (ML) സാങ്കേതികവിദ്യകള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ ഇടപാടുകള്‍ തത്സമയം (Real-time) നിരീക്ഷിക്കാനും തടയാനും ഇത്തരം സംവിധാനങ്ങള്‍ ബാങ്കുകളെ സഹായിക്കും.
ഇവൈ ഇന്ത്യ (EY India) പാര്‍ട്ണറും ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസ്‌ക് മാനേജ്‌മെന്റ് ലീഡറുമായ അജയ് സിരികോണ്ടയുടെ അഭിപ്രായത്തില്‍, ആര്‍ബിഐയുടെ പുതിയ മാര്‍ഗ്ഗരേഖ ബാങ്കുകളിലെ എഐ (AI) സാങ്കേതികവിദ്യകളുടെ ഉപയോഗം കൂടുതല്‍ സുതാര്യമാക്കാന്‍ സഹായിക്കും. പണം നഷ്ടപ്പെടുന്നതിന് മുന്‍പ് തന്നെ തട്ടിപ്പുകള്‍ തടയാന്‍ ഇത് ബാങ്കുകള്‍ക്ക് വ്യക്തമായ ഒരു മാതൃക നല്‍കുന്നു.
വേഗത പ്രധാനം; ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ടത്
ഈ ആനുകൂല്യം ലഭിക്കുന്നതിനായി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള വേഗതയേറിയ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. തങ്ങള്‍ ഇരയായ തട്ടിപ്പ് എത്രയും വേഗം ബാങ്കിനെ അറിയിക്കുന്നവര്‍ക്ക് മാത്രമേ ആര്‍ബിഐയുടെ ഈ പുതിയ ചട്ടക്കൂടിന് കീഴില്‍ നഷ്ടപരിഹാരം ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളൂ. വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വഴി തട്ടിപ്പുകാര്‍ മോഷ്ടിച്ച പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് തടയാനും ബാങ്കുകള്‍ക്ക് സാധിക്കും.
Lost Money In Online Scam? RBI Says You Could Get Up to Rs 25,000 Back Soon


