27
Dec 2024
Mon
27 Dec 2024 Mon
farmers delhi march

ന്യൂഡല്‍ഹി: പഞ്ചാബിലെ കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ച് സംഘര്‍ഷത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരം.(Clashes break out during farmers’ Delhi march; six injured, condition critical; further action to be decided today)  കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാകാഞ്ഞതോടെ പുനരാരംഭിച്ച മാര്‍ച്ച് ഹരിയാന പോലീസ് ശംഭു അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരിമുതല്‍ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കര്‍ഷകരെ കോണ്‍ക്രീറ്റ് വേലി കെട്ടിയും കേന്ദ്രസേനകളെ വിന്യസിച്ചുമാണ് പോലീസ് എതിരിട്ടത്. യുദ്ധസമാന സാഹചര്യമായതിനാല്‍ കര്‍ഷകര്‍ ഇന്നലെ തല്‍ക്കാലത്തേക്കു മാര്‍ച്ച് നിര്‍ത്തി. തുടര്‍നീക്കം ഇന്ന്(തിങ്കളാഴ്ച) തീരുമാനിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

വെള്ളിയാഴ്ചത്തേതുപോലെ 101 പേരുടെ സംഘമാണ് ഇന്നലെയും കാല്‍നടയായി എത്തിയത്. അനുമതിയില്ലാത്തതിനാല്‍ കടത്തിവിടാനാകില്ലെന്ന് പോലീസ് പറഞ്ഞു. കര്‍ഷകരാണെന്നതിന് തെളിവുണ്ടോയെന്ന് ചോദിച്ചത് തര്‍ക്കത്തിനിടയാക്കി.

സ്ഥിതി സംഘര്‍ഷഭരിതമായതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. ഉച്ചമുതല്‍ വൈകീട്ടുവരെ ഈ നില തുടര്‍ന്നതോടെയാണ് മാര്‍ച്ച് നിര്‍ത്തിയത്.

10 പേര്‍ക്ക് പരിക്കേറ്റതായും ആറ് പേരുടെ നില ഗുരുതരമാണെന്നും സമരനേതാവ് സര്‍വന്‍ സിങ് പന്ദേര്‍ പറഞ്ഞു. പോരാട്ടത്തില്‍നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഖനോരി അതിര്‍ത്തിയില്‍ കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ അനിശ്ചിതകാല നിരാഹാര സമരം ഞായറാഴ്ച 13 ദിവസം പിന്നിട്ടു.

കര്‍ഷകര്‍ സമരം കടുപ്പിച്ചതോടെ ഖനോരിയിലും ശംഭുവിലും പോലീസ് സുരക്ഷ ശക്തമാക്കി. ശംഭുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് മേഖലയിലാകെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കി. ഡല്‍ഹിയുടെ അതിര്‍ത്തികളിലും സുരക്ഷ കൂട്ടി.