23
Dec 2024
Wed
23 Dec 2024 Wed
High court upheld life term imprisonment for husband killed wife in lodge room in Payyannur

കണ്ണൂര്‍ പയ്യന്നൂരില്‍ ഭാര്യയെ കൊന്ന് നഗ്നയാക്കി ലോഡ്ജ് മുറിയില്‍ കെട്ടിത്തൂക്കിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം വിധിച്ച കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. കാട്ടാമ്പള്ളി വള്ളുവന്‍ കടവിന് സമീപത്തെ ആമ്പാല്‍ ഹൗസില്‍ രവീന്ദ്രന്റെ മകള്‍ എന്‍ രമ്യ(27)യെ കൊന്നു കെട്ടിത്തൂക്കി ആത്മഹത്യയെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് അഴീക്കോട്ടെ പുളിക്കല്‍ ഷമ്മികുമാറിനാണ് അഴീക്കല്‍ സ്വദേശിക്ക് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തേ ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതിനെതിരേ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ സ്ത്രീകളാരും സ്വയം നഗ്‌നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്നും മൃതശരീരം അങ്ങനെ കണ്ടെത്തുന്നതുതന്നെ കൊലപാതകത്തിന്റെ സൂചനയായതിനാല്‍ ആത്മഹത്യവാദം ദുര്‍ബലപ്പെടുത്തുന്നുവെന്നും വിലയിരുത്തിയാണ് ഹൈക്കോടതി
ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് സി പ്രദീപ്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച്് കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചത്. എന്നാല്‍ പ്രതിക്കെതിരെ ചുമത്തിയിരുന്ന ഗാര്‍ഹിക പീഡനക്കുറ്റം കോടതി ഒഴിവാക്കി. പ്രതിയുടെ അമ്മയെ വെറുതേ വിടുകയും ചെയ്തു. ഇരുവരും നല്‍കിയ അപ്പീലാണ് കോടതി പരിഗണിച്ചത്.

യുഎഇയിലെ ഷാര്‍ജയില്‍ ജോലിചെയ്തിരുന്ന ഷമ്മികുമാറിന് ഭാര്യയെ സംശയമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിനായി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി രമ്യ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പ്രതിക്ക് ഇതിന്റെ വിരോധവുമുണ്ടായിരുന്നു. കൊല നടത്തുന്നതിന് ഏതാനും ദിവസം മുന്‍പ് പ്രതി രഹസ്യമായി ഗള്‍ഫില്‍ നിന്നെത്തുകയും പല സ്ഥലത്തും കറങ്ങിയ ശേഷമാണ് പയ്യന്നൂരെ ലോഡ്ജില്‍ വ്യാജ പേരില്‍ മുറിയെടുക്കുകയുമായിരുന്നു.
2010 ജനുവരി 20നാണ് രമ്യയെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഒപ്പമുണ്ടായിരുന്ന യുവാവിനെയും കുഞ്ഞിനെയും കാണാതായതടക്കം സംശയാസ്പദമായ സാഹചര്യങ്ങളുമുണ്ടായിരുന്നു. കൊലപാതക സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദം തള്ളാനാകില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഇന്ത്യയില്‍ ഒരു സ്ത്രീയും ശരീരം മറയ്ക്കാതെ ആത്മഹത്യ ചെയ്യില്ലെന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ തന്റെ 33 വര്‍ഷത്തെ സര്‍വീസ് പരിചയത്തിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് കോടതി കണക്കിലെടുക്കുകുയം ചെയ്തു. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 30 പേരെയെങ്കിലും മാസംതോറും പോസ്റ്റ്മോര്‍ട്ടം നടത്താറുണ്ട്. ഒരു സ്ത്രീപോലും നഗ്‌നയായി ജീവനൊടുക്കിയത് അനുഭവത്തിലില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഇന്ത്യന്‍ സ്ത്രീയും അല്‍പ വസ്ത്രധാരിയായി കടലില്‍ച്ചാടി ജീവനൊടുക്കില്ലെന്ന സുപ്രീംകോടതി നിരീക്ഷണവും ഹൈക്കോടതി ഈ കേസില്‍ പരിഗണിക്കുകയുണ്ടായി.