25
Dec 2024
Fri
25 Dec 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: പാലക്കാട് പനയമ്പാടത്തിന് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം പൊതുദര്‍ ശനത്തിനെത്തിപ്പോൾ പ്രദേശത്തേക്ക് ആളുകളുടെ ഒഴുക്ക്. കരിമ്പനക്കല്‍ ഹാളിലാണ് പൊതുദര്‍ ശനത്തിനുവച്ചത്. പ്രിയ കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്കു കാണാന്‍ കരിമ്പനക്കല്‍ ഹാളിലേക്ക് നാട് ഒഴുകിയെത്തുകയാണ്.

വിദ്യാര്‍ത്ഥിനികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഹാളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ്, എംഎൽഎമാരായ കെ ശാന്തകുമാരി, രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജില്ലാ കളക്ടർ ഡോ. എസ് ചിത്ര തുടങ്ങിയവർ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. സർക്കാരിന് വേണ്ടി മന്ത്രി കെ കൃഷ്ണൻ കുട്ടിയാണ് ആദരം അർപ്പിച്ചത്. പത്ത് മണിവരെയാണ് പൊതുദര്‍ ശനത്തിനുവയ്ക്കുക. ശേഷം തുപ്പനാട് ജുമാ മസ്ജിദില്‍ നാല് പേരുടേയും മൃതദേഹങ്ങള്‍ ഒരുമിച്ച് ഖബറടക്കും. ജീവിതത്തിൽ ഒരുമിച്ച സുഹൃത്തുക്കൾക്ക് ഖബരും ഒന്നിച്ചാണ് ഒരുക്കിയത്.

Palakkad accident

അപകടത്തില്‍ മരിച്ച നിദ ഫാത്തിമ, റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍, എ എസ് ആയിഷ എന്നിവരുടെ മൃതദേഹങ്ങളാണ് തുപ്പനാടിന് സമീപം ചെറൂളിയിലുള്ള വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് എത്തിച്ചത്.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നാണ് വീടുകളിലേയ്ക്ക് കൊണ്ടുപോയത്. ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷം രാവിലെ 8.30 മണി മുതല്‍ 10 വരെ തുപ്പനാട് കരിമ്പനക്കല്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. അതിന് ശേഷം തുപ്പനാട് ജുമാ മസ്ജിദില്‍ ഖബറടക്കും. തുപ്പനാടിന് സമീപം ചെറൂളിയില്‍ അരക്കിലോമീറ്ററിനുള്ളിലാണ് മരിച്ച നാലു പേരുടെയും വീടുകള്‍.

പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയില്‍പെട്ടാണ് നാലു പേരുടെയും ദാരുണാന്ത്യം.

പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ നാല് പേരും. പാലക്കാട് നിന്നും മണ്ണാര്‍ക്കാട്ടേക്ക് സിമന്റ് കയറ്റി പോകുന്ന ചരക്ക് ലോറിയാണ് മുന്നില്‍ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെ നീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്. വാഹനങ്ങള്‍ക്കടിയില്‍പ്പെട്ടാണ് കുട്ടികളുടെ മരണം.

ക്രെയിന്‍ എത്തിച്ച് ലോറി ഉയര്‍ത്തിയാണ് ഇവരെ പുറത്തെടുത്തത്. അപകടസമയത്ത് ചാറ്റല്‍ മഴ ഉണ്ടായിരുന്നു. പരിക്കേറ്റകാസര്‍കോട് സ്വദേശി വര്‍ഗീസ് (52), ക്ലീനര്‍ മഹേന്ദ്ര പ്രസാദ് (28) എന്നിവര്‍ മണ്ണാര്‍ക്കാട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പാലക്കാട് -കോഴിക്കോട് ദേശീയപാതയുടെ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന് ആരോപിച്ചാണ് റോഡ് ഉപരോധിച്ചത്.