|
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ചിത്രത്തിലെ നായകൻ കൂടിയായ നടൻ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ഹൈദരാബാദ് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. നടന്റെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി ചിക്കട്പള്ളി പൊലീസ് ആണ് നടനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ നടനെ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കും. സംഭവത്തിൽ മനപ്പൂർവ്വം അല്ലാത്ത നരഹത്യ ആരോപിച്ചു നടനെതിരെ കേസെടുത്തിരുന്നു.
സംഭവത്തില്‍ 35 കാരിയായ രേവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ എട്ട് വയസ്സുള്ള മകന്‍ ശ്രീതേജ് പരിക്കേറ്റ് ആശുപത്രിയിലാണ്.
തിയറ്റര്‍ മാനേജ്‌മെന്റില്‍ നിന്നുണ്ടായ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. നടന്റെ തിയറ്റര്‍ സന്ദര്‍ശനത്തേക്കുറിച്ച് നേരത്തെ അറിയാമായിരുന്നിട്ടും അതിനു വേണ്ട മുന്‍കരുതലുകളെടുക്കാന്‍ ഇവര്‍ക്കായില്ലെന്നും പൊലിസ് കുറ്റപ്പെടുത്തി.
ഡിസംബര്‍ നാലിന് അര്‍ധരാത്രിയാണ് അപകടമുണ്ടാകുന്നത്. നടന്‍ അല്ലു അര്‍ജുന്‍ സിനിമ കാണാന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതി മരിച്ചത്. സിനിമ പ്രദര്‍ശനം തുടങ്ങിയിരിക്കെ ചിത്രം കാണാനെത്തിയ അല്ലു അര്‍ജുന്റെ അടുത്തേക്ക് ആരാധകര്‍ കുതിച്ചെത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഒന്‍പതും ഏഴും വയസുള്ള മക്കളേയും കൊണ്ടാണ് രേവതിയും ഭര്‍ത്താവും തിയറ്ററില്‍ എത്തിയത്. സംഭവത്തിന് പിന്നാലെ നടന്‍ അല്ലു അര്‍ജുന്‍ രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, സര്‍വ്വ ബോക്‌സോഫീസ് റെക്കോഡുകളും തിരുത്തി കുറിക്കുകയാണ് പുഷ്പ2 ദി റൂള്‍. വലിയ ഹൈപ്പില്‍ എത്തിയ ചിത്രം ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഏറ്റവും വലിയ റിലീസ് ദിന കളക്ഷന്‍ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


