ലണ്ടന്‍: സിറിയയില്‍ അധികാരം നഷ്ടമായതിന് പിന്നാലെ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദില്‍നിന്ന് ഡിവോഴ്‌സിന് ആവശ്യപ്പെട്ട് ഭാര്യ അസ്മ അസദ്. റഷ്യയിലെ ജീവിതത്തില്‍ തൃപ്തയല്ലാത്തതിന് പിന്നാലെയാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതെന്ന് തുര്‍ക്കി, അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 49 കാരിയായ മുന്‍ പ്രഥമ വനിത റഷ്യന്‍ കോടതിയില്‍ വിവാഹമോചന അപേക്ഷ സമര്‍പ്പിക്കുകയും മോസ്‌കോ വിടാന്‍ പ്രത്യേക അനുമതി തേടുകയും ചെയ്‌തെന്നാണ് വാര്‍ത്ത. അസമയുടെ അപേക്ഷ റഷ്യന്‍ അധികാരികള്‍ അവലോകനം ചെയ്യുകയാണെന്ന് ഇസ്രായേലിലെ ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
|
സ്വന്തം നാടായ ലണ്ടനിലേക്ക് മാറാന്‍ അസ്മ ആഗ്രഹിക്കുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ്- സിറിയന്‍ വംശജയായ അസ്മ ലണ്ടനില്‍ സിറിയന്‍ മാതാപിതാക്കള്‍ക്ക് ആണ് ജനിച്ചതും വളര്‍ന്നതും. 2000ല്‍ ആണ് 25ാം വയസ്സില്‍ സിറിയയിലേക്ക് താമസം മാറിയതും അസദിനെ വിവാഹം കഴിച്ചതും.
13 വര്‍ഷം നീണ്ട ജനാധിപത്യ പ്രക്ഷോഭത്തിനൊടുവില്‍ സിറിയന്‍ സായുധ വിമതരായ ഹയാത്ത് തഹ്‌രീര്‍ അല്‍ഷാം (HTS) ഈ മാസമാദ്യമാണ് അസദിനെ അട്ടിമറിച്ചത്. ഭരണം വീഴുമെന്ന് ഉറപ്പായതോടെ അസദ് റഷ്യയിലേക്ക് കുടുംബസമേതം മുങ്ങുകയായിരുന്നു.

270 കിലോഗ്രാം സ്വര്‍ണവും 2 ബില്യണ്‍ യുഎസ് ഡോളറും മോസ്‌കോയിലെ 18 അപ്പാര്‍ട്ടുമെന്റുകളും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ സ്വത്തുക്കളും റഷ്യന്‍ അധികൃതര്‍ മരവിപ്പിച്ചതായി ദി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബശ്ശാറുല്‍ അസദിന്റെ സഹോദരന്‍ മഹര്‍ അല്‍ അസദിന് റഷ്യയില്‍ അഭയം ലഭിച്ചിട്ടില്ലെന്നും അദ്ദേഹവും കുടുംബവും വീട്ടുതടങ്കലിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
1971 മുതല്‍ 2000 വരെ സിറിയ ഭരിച്ച ഹഫീസ് അല്‍ അസദിന്റെ പിന്‍ഗാമിയായി 2000ല്‍ ആണ് മകന്‍ ബശ്ശാറുല്‍ അസദ് സിറിയയില്‍ ഭരണം തുടങ്ങിയത്.
Bashar Al-Assad’s Wife Files For Divorce, Wants To Return To UK


