18
Dec 2024
Tue
18 Dec 2024 Tue
Nitesh Rane

മുംബൈ: കേരളത്തിനെതിരായി അധിക്ഷേപ പരാമര്‍ശം വിശദീകരിക്കാന്‍ നുണകള്‍ നിരത്തി ബിജെപി മന്ത്രി നിതേഷ് റാണ. (BJP minister says 12,000 Hindu women in Kerala prevented from convertion) കേരളത്തില്‍ 12,000 സ്ത്രീകളെ ഹിന്ദു, ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെന്നും കേരളത്തെ പാകിസ്താന്‍ എന്ന് വിളിച്ചതല്ലെന്നും കേരളത്തിലെ സാഹചര്യം പാകിസ്താനുമായി താരതമ്യം ചെയ്യുകയാണ് താന്‍ ചെയ്തതെന്നുമാണ് റാണയുടെ വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘കേരളം ഇന്ത്യയുടെ ഭാഗമാണ്. എന്നിരുന്നാലും കേരളത്തില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നത് എല്ലാവരും ആശങ്കപ്പെടുന്ന കാര്യമാണ്. ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നത് ദൈനംദിന കാര്യമായി മാറിയിരിക്കുന്നു. ഹിന്ദു സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള ലൗ ജിഹാദ് കേസുകളും കേരളത്തില്‍ കൂടുകയാണ്. ഞാന്‍ കേരളത്തിലെ സാഹചര്യം പാകിസ്താനുമായി താരതമ്യം ചെയ്യുകയാണ് ചെയ്തത്. ഹിന്ദുക്കളോട് പാകിസ്താന്‍ പെരുമാറുന്ന രീതി നമ്മുടെ രാജ്യത്തുമുണ്ടായാല്‍ നമ്മള്‍ അതിനെതിരെ പ്രതികരിക്കണം. അതാണ് ഞാന്‍ പ്രസംഗത്തില്‍ പറയാന്‍ ശ്രമിച്ചത്. ഞാന്‍ വസ്തുതകള്‍ മാത്രമാണ് പറഞ്ഞത്. 12000 ഹിന്ദു സ്ത്രീകളെ ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടഞ്ഞ് അവരെ സഹായിച്ച ഒരാള്‍ എന്നോടൊപ്പമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയയെും കുറിച്ച് ഞാന്‍ പറഞ്ഞത് വയനാട് മണ്ഡലത്തിലെ ആരോടെങ്കിലും ചോദിക്കൂ. അവര്‍ രണ്ട് പേരെയും പിന്തുണച്ചത് ആരാണെന്ന് ആ മണ്ഡലത്തിലുള്ളവരോട് ചോദിച്ചാല്‍ മനസിലാകും.’, ഇതാണ് റാണയുടെ വിശദീകരണം.

ALSO READ: കേരളം മിനി പാകിസ്താനെന്നും പ്രിയങ്കയ്ക്ക് വോട്ട് ചെയ്തവര്‍ തീവ്രവാദികളെന്നും ബിജെപി നേതാവ്; സിപിഎം പ്രചാരണം ഉത്തരേന്ത്യയില്‍ ഏറ്റെടുത്ത് സംഘപരിവാരം

കേരളം മിനി പാകിസ്താനാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി പ്രസംഗിച്ചിരുന്നു. കേരളം മിനി പാകിസ്താന്‍ ആയതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത്. കേരളത്തില്‍ ന്യൂനപക്ഷ വോട്ടിന്റെ ബലത്തിലാണ് ഇവര്‍ വിജയിച്ചതെന്നും നിതീഷ് റാണെ പറഞ്ഞു. ഇന്നലെ പൂനെയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു റാണെയുടെ വിദ്വേഷ പരാമര്‍ശം.

അതേസമയം, കേരളത്തിനെതിരായ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയുടെ രാഷട്രീയ ശൈലിയാണ് നിതീഷ് റാണെ പ്രകടിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. നിതീഷ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ഉള്‍പ്പടെയുള്ള പാര്‍ട്ടികളും രംഗത്തെത്തി. കേന്ദ്ര മന്ത്രിയായിരുന്ന നാരായണ റാണെയുടെ മകനാണ് നിതീഷ്.